Tuesday, January 7, 2025
Top News

എഴുപത്തിയഞ്ചാം സ്വാതന്ത്ര ദിന ആഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങി;എല്ലാ വായനക്കാർക്കും മെട്രോ മലയാളം വെബ് പോർട്ടലിന്റെ സ്വാതന്ത്ര ദിനാശംസകൾ

 

അഹിംസയില്‍ അണിനിരന്ന് ഇന്ത്യ സൃഷ്ടിച്ച സ്വാതന്ത്ര്യ സമരപോരാട്ടങ്ങള്‍ക്ക് ലോകത്ത് തന്നെ സമാനതകളില്ല.അടിമത്തത്തിന്റെയും പാരതന്ത്ര്യത്തിന്റെയും കറുത്തനാളുകളില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയിലേക്ക് രാജ്യം ഉണര്‍ന്നിട്ട് ഇന്ന് 75 വര്‍ഷം തികയുന്നു.വീണ്ടും ഒരു സ്വാതന്ത്യദിനം വന്നെത്തുമ്ബോള്‍ ബാഹ്യശക്തിള്‍ ഉയര്‍ത്തുന്ന വെല്ലുവിളിക്കൊപ്പം മഹാമാരിയുടെ വിളയാട്ടത്തെക്കുടി ചെറുത്തുവെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.

ജമ്മുകാശ്മീരിലെയും കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലെയും സംഭവവികാസങ്ങള്‍ കണക്കിലെടുത്ത് അതീവ സുരക്ഷയിലാണ് രാജ്യം ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രധാനവേദിയായ ചെങ്കോട്ട കണ്ടെയ്‌നറുകള്‍ അടുക്കി വച്ച്‌ പുറമെ നിന്ന് കാണാനാകാത്ത വിധം മറച്ചിരുന്നു.തുടര്‍ച്ചയായി പുരാതന ഡല്‍ഹിയിലെ കച്ചവടസ്ഥാപനങ്ങളെല്ലാം ശനിയാഴ്ച ഡല്‍ഹി പൊലീസ് മുദ്രവെച്ചു.സ്വാതന്ത്ര്യദിനത്തില്‍ അക്രമണത്തിന് ഭീകര ശക്തികള്‍ ശ്രമിക്കുന്നതായി സുരക്ഷാവിഭാഗം മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് സുരക്ഷ ക്രമീകരണങ്ങള്‍ കടുപ്പിച്ചത്.

ചെങ്കോട്ടയ്ക്കു ചുറ്റുമുള്ള ഉയര്‍ന്ന കെട്ടിടങ്ങളില്‍ എന്‍.എസ്.ജി. കമാന്‍ഡോകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. ശ്വാനസേനയടക്കമുള്ള വിവിധ സേനാ വിഭാഗങ്ങള്‍ക്കൊപ്പം നിരീക്ഷണക്യാമറകളും ഒരുക്കിയിട്ടുണ്ട്. ചെങ്കോട്ടയില്‍ രണ്ടു പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പരിസരങ്ങളിലെ 350 സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങള്‍ ഓരോ നിമിഷവും നിരീക്ഷിച്ചു വരുന്നു. 5000 പ്രത്യേക സുരക്ഷാഭടന്മാരെയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്

ആന്റി ഡ്രോണ്‍ സംവിധാനവും ഏര്‍പ്പെടുത്തി. പി.സി.ആര്‍. വാനുകളും 70 സായുധ വാഹനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. യമുനയില്‍ പട്രോളിങ് ബോട്ടുകളും റോന്തു ചുറ്റുന്നു. ഏതുതരത്തിലുള്ള ആക്രമണത്തെയും നേരിടാന്‍ സര്‍വസജ്ജമാണ് സുരക്ഷാസേന. പരിസരത്തെ ഹോട്ടലുകളിലും മറ്റും പൊലീസ് പരിശോധന നടത്തി.പുലര്‍ച്ചെ നാലുമുതല്‍ രാവിലെ പത്തുവരെ ചെങ്കോട്ടയിലേക്കുള്ള റോഡുകളിലൊന്നും വാഹനങ്ങള്‍ക്ക് പ്രവേശനമില്ല.

 

 

Leave a Reply

Your email address will not be published. Required fields are marked *