വാളയാർ കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നു; സർക്കാർ അംഗീകരിച്ചിട്ടും സിബിഐ ശുപാർശ ഇതുവരെ നൽകിയിട്ടില്ല
വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നതിൽ ആശങ്കയുമായി കുടുംബം.നിയമനം വൈകുന്നതിൽ നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്നും കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയുണ്ടെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
‘നമുക്ക് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് മേനോൻ വേണമെന്ന് സർക്കാരിനോട് പറഞ്ഞിരുന്നു. സർക്കാർ അത് അംഗീകരിക്കുകയും ചെയ്തു. പത്രത്തിലൂടെയാണ് അത് അറിഞ്ഞത്. എന്നാൽ രാജേഷ് എം മേനോൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെങ്കിൽ സിബിഐയുടെ അംഗീകാരം വേണം.ഇതുവരെ അവർ തീരുമാനമെടുത്തിട്ടില്ല. എന്തുകൊണ്ടാണ് അവർ വൈകിപ്പിക്കുന്നതെന്ന് അറിയില്ല. കേസ് അട്ടിമറിക്കുമെന്ന പേടിയുണ്ട്’- വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടും സിബിഐ ശുപാർശ ഇതുവരെ നൽകിയിട്ടില്ലെന്നും നിയമനം വൈകിപ്പിക്കുന്നതിൽ നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്ന് സംശയിക്കുന്നുവെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
2017ലാണ് വാളയാറിലെ ദളിത് സഹോദരിമാർ പീഡനത്തെ തുടർന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത പുറത്തു വരുന്നത്. പതിമൂന്ന് വയസുകാരിയായ മൂത്ത സഹോദരിയെ ജനുവരി 13നാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഇതിന് രണ്ട് മാസത്തിന് ശേഷം മാർച്ച് നാലിന് ഇളയ സഹോദരിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചു പ്രതികളുണ്ടായിരുന്ന കേസിൽ പോക്സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തിൽ പാളിച്ചയുണ്ടായി. ആകെ 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറിയിരുന്നു.