Thursday, April 17, 2025
Kerala

‘അമൂൽ കർണ്ണാടകയിൽ വിൽപന നടത്തുന്നതിനെ എതിർത്ത നന്ദിനിയുടെ കേരളത്തിലെ നിലപാട് ശരിയല്ല;’ മിൽമ ചെയർമാൻ കെ. എസ് മണി

കേരളത്തിലെ മിൽമ പാലും കർണാടകത്തിലെ നന്ദിനി പാലുമായുള്ള പോര് ശക്തമാകുന്നു. നന്ദി കേരളത്തിൽ ഔട്ലെറ്റുകൾ തുറക്കുന്നതിനെതിരെ കടുത്ത വിമർശനമാണ് മിൽമ ഉയർത്തുന്നത്. നന്ദിനി സംസ്ഥാനത്ത് രണ്ട് ഔട്ലെറ്റുകൾ തുടങ്ങിയപ്പോൾ തന്നെ പിന്മാറണമെന്ന് ചൂണ്ടിക്കാട്ടി ഡിസംബറിൽ മിൽമ കത്ത് കൊടുത്തിരുന്നു എന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. അമൂൽ കർണ്ണാടകയിൽ വിൽപന നടത്തുന്നതിനെ എതിർത്തവർ ഇത് ചെയ്യുന്നത് ശരിയല്ല. കഴിഞ്ഞമാസം ചേർന്ന നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് യോഗത്തിൽ വിഷയം ഉന്നയിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ യോഗം വിളിച്ച് പരിഹരിക്കാൻ ശ്രമം നടത്താമെന്ന് ബോർഡ് ചെയർമാൻ അറിയിച്ചിട്ടുണ്ട്. അതിൽ തീരുമാനമായില്ലെങ്കിൽ മറ്റു നടപടികളിലേക്ക് പോകും. സഹകരണ നിയമങ്ങൾക്ക് എതിരായി പ്രവർത്തനങ്ങൾ ഒരു സഹകരണ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് ശരിയല്ല.നന്ദിനി സംസ്ഥാനത്ത് വില കുറവിൽ വിൽക്കുന്നു എന്നുള്ളത് ശരിയല്ല. മിൽമ 26 രൂപയ്ക്ക് വിൽക്കുന്ന പാൽ നന്ദിനി 27 രൂപയ്ക്കാണ് നൽകുന്നത്. ഇവിടെ വിറ്റ് കിട്ടുന്ന ലാഭം നന്ദിനി കൊണ്ടുപോയാൽ അവിടുത്തെ കർഷകർക്ക് മാത്രമാണ് ഗുണം എന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ നന്ദിനി പാൽ വില്പനയ്‌ക്കെതിരെ ദേശീയ ഡയറി ഡെവലപ്മെന്റ് ബോർഡിന് പരാതി നൽകുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. നന്ദിനി പാൽ കർണാടകയുടെ പാലാണ്. കർണാടക ഗവൺമെന്റാണ് നേതൃത്വം നൽകുന്നത്.മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്ന് ചെല്ലുമ്പോൾ വകുപ്പിന്റെ അനുമതി വാങ്ങണം. അതുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ തന്നെ മികച്ച പാൽ മിൽമയുടേതാണ്. അന്യസംസ്ഥാന പാലിന് ശ്രദ്ധ കൊടുക്കേണ്ടതില്ല. അത് നല്ല പാലല്ല. അന്യസംസ്ഥാന പാൽ കുഞ്ഞുങ്ങളും സാധാരണക്കാരും ഉപയോഗിക്കാൻ പാടില്ലയെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *