Monday, April 14, 2025
Kerala

ബിജെപിയുടെ തോളില്‍ കയ്യിട്ടാണ് മുഖ്യമന്ത്രിയുടെ ഐക്യാഹ്വാനം: കെ സുധാകരന്‍ എംപി

ബിജെപിയുടെ തോളില്‍ കയ്യിട്ടുകൊണ്ടാണ് പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് മുന്നില്‍ നിന്നു നയിക്കണമെന്ന് മുഖ്യമന്ത്രിയും സിപിഐഎമ്മും ആഹ്വാനം ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കര്‍ണാടകത്തില്‍ സിപിഐഎം ഇരട്ടത്താപ്പ് മറനീക്കി പുറത്തുവരുകയും കനത്ത തിരിച്ചടി ലഭിക്കുകയും ചെയ്തു. ജെഡിഎസുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെതിരേ സിപിഐഎം 4 സീറ്റില്‍ മത്സരിച്ചതുമൂലം രണ്ടിടത്ത് ബിജെപി ജയിച്ചെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പ്രചാരണത്തിനു തുടക്കമിട്ട ബാഗേപ്പള്ളിയില്‍ സിപിഐഎം 19,621 വോട്ടു നേടി മൂന്നാമതെത്തി. 2018 ല്‍ ബിജെപിക്ക് 4140 വോട്ട് മാത്രം ലഭിച്ചിച്ച ഇവിടെ ഇത്തവണ 62,949 വോട്ടായി കുതിച്ചുയര്‍ന്നു. സിപിഐഎം വോട്ടുകള്‍ മറിഞ്ഞിട്ടും കോണ്‍ഗ്രസ് മികച്ച വിജയം നേടി. കെജിഎഫ് മണ്ഡലത്തില്‍ 1008, കലബുറുഗിയില്‍ 822, കെആര്‍പുരത്ത് 1220 എന്നിങ്ങനെയാണ് സിപിഐഎമ്മിനു വോട്ടു കിട്ടിയത്. ഗുല്‍ബര്‍ഗയിലും കെആര്‍ പുരത്തും ബിജെപിയാണ് ജയിച്ചത്. തോല്ക്കുമെന്ന് നൂറൂ ശതമാനം ഉറപ്പുണ്ടായിട്ടും സിപിഐഎം മത്സരിച്ച് ബിജെപിയെ ജയിപ്പിച്ചിട്ട് മുഖ്യമന്ത്രി എന്തു ജനാധിപത്യമതേതര ശാക്തീകരണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്? – സുധാകരൻ ചോദിച്ചു.

ബിജെപിയുടെ തോളില്‍ കയ്യിട്ടുകൊണ്ടുള്ള ഈ പുരപ്പുര പ്രസംഗം ഇനിയെങ്കിലും അവസാനിപ്പിക്കണം. കോണ്‍ഗ്രസിനെതിരേ ജനസംഘവുമായി സഖ്യമുണ്ടാക്കി ഒന്നിച്ച് മത്സരിച്ച് കേന്ദ്രമന്ത്രിസഭ രൂപീകരിക്കുകയും ആര്‍എസ്എസിന് വളരാന്‍ വളക്കൂറുള്ള മണ്ണുണ്ടാക്കുകയും ചെയ്ത സിപിഐഎം അവരോട് സന്ധി ചെയ്ത ചരിത്രമേയുള്ളു. കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പിലും കര്‍ണാടക നിയമസഭാ തെരഞ്ഞുടുപ്പിലും അത് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്കുമ്പോള്‍ കേരളത്തില്‍ അതു നടപ്പാക്കാന്‍ സിപിഐഎം സഹകരിക്കണമെന്നും ബിജെപിയുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന ജനാധിപത്യ മതേതര മുന്നണിയിലേക്ക് ഇടതുപാര്‍ട്ടികള്‍ കടന്നുവരണമെന്നും സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *