Sunday, January 5, 2025
Kerala

ചുഴലിക്കാറ്റ്: ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാർ; കര, വ്യോമ സേനകളും തയ്യാറെന്ന് മുഖ്യമന്ത്രി

 

ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുള്ള അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനം തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാത്രി വളരെ നിർണായകമാണ്. റെഡ് അലർട്ട് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ദേശീയ ദുരന്തനിവാരണ സേനാ അംഗങ്ങൾ സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

മെയ് 16 വരെ അതിതീവ്രമായ മഴയും ശക്തമായ കാറ്റും കടൽക്ഷോഭവും തുടരുമെന്നാണ് മുന്നറിയിപ്പ്. സർക്കാർ സംവിധാനങ്ങളും ജനങ്ങളും അതീവ ജാഗ്രത പുലർത്തണം. ഇന്ന് രാത്രി അതീവ നിർണായകമാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതി തീവ്രമോ ശക്തമായതോ ആയ മഴയുണ്ടാകും.

കണ്ണൂർ, കാസർകോട് ജില്ലകളിൽ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള സ്വാധീനമുണ്ടായേക്കാം. സമീപ ജില്ലകളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ എന്നിവ മാറ്റണം. എല്ലാവരും സ്വന്തം വീട്ടിലെ മരങ്ങൾ ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ ശാഖകൾ വെട്ടിക്കളയണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായേക്കാം. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ വീട്ടിൽ നിന്നും ക്യാമ്പുകളിലേക്ക് മാറാൻ ജനങ്ങൾ തയ്യാറാകണം.

ദേശീയ ദുരന്തനിവാരണ സേനയുടെ ഒമ്പത് ടീമുകളെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. കരസേനയുടെ ഒരു ടീം കാസർകോടും രണ്ട് സംഘങ്ങൾ കണ്ണൂരിലും എത്തും. രണ്ട് സംഘങ്ങൾ തിരുവനന്തപുരത്ത് സ്റ്റാൻഡ് ബൈ ആയി നിൽക്കുന്നുണ്ട്. വ്യോമസേനയുടെ രണ്ട് വിമാനങ്ങളും രക്ഷാപ്രവർത്തനത്തിന് സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *