Thursday, January 9, 2025
Kerala

നിയമസഭാ കയ്യാങ്കളി; കക്ഷിനേതാക്കളുടെ യോഗം വിളിച്ച് സ്പീക്കർ

നിയമസഭയിലെ കയ്യാങ്കളിയുടെ പശ്ചാത്തലത്തിൽ കക്ഷിനേതാക്കളുടെ യോഗം വിളിച്ച് സ്പീക്കർ. നാളെ രാവിലെ എട്ട് മണിക്കാണ് യോഗം. ഇന്നത്തെ കയ്യാങ്കളിയുടെ പശ്ചാത്തലത്തിൽ സ്‌പീക്കറും നിയമസഭാ സെക്രട്ടറിയും നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് കക്ഷിനേതാക്കളുടെ യോഗം വിളിക്കാൻ തീരുമാനമാകുന്നത്. നിയമസഭയിൽ ഇന്ന് നടന്ന സംഘർഷവും കയ്യാങ്കളിയും അസ്വാഭാവികമെന്നാണ് വിലയിരുത്തൽ. ഇതിനൊരു പരിഹാരം കണ്ടെത്താനാണ് യോഗം. യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കുമെന്ന സൂചനകളാണ് വരുന്നത്.

നിരന്തരം പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ ആവശ്യങ്ങളെ സ്‌പീക്കർ തള്ളുന്ന സാഹചര്യത്തിൽ നാളേറെ യോഗം നിർണായകമാണ്. പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ സ്‌പീക്കർ ഹനിക്കുന്നു എന്ന ആരോപണവുമുണ്ട്. ഇന്ന് ഉണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് മർദിച്ചു എന്ന ആരോപണം കൂടി പ്രതിപക്ഷം മുന്നോട്ട് വെക്കുന്നുണ്ട്.

നാളെ രാവിലെ ഒൻപത് മണിക്കാണ് സഭ ചേരുന്നത്. അതിന് മുന്നോടിയായാണ് യോഗം വിളിച്ചിട്ടുള്ളത്. നാളെ സഭ ചേരുമ്പോൾ എങ്ങനെയാണ് പെരുമാറേണ്ടത് തുടങ്ങിയ കാര്യങ്ങൾ കക്ഷി നേതാക്കളുടെ യോഗത്തിൽ വ്യക്തമാകും. അനുനയ നീക്കങ്ങൾ നിലയിലാണ് കക്ഷി നേതാക്കളുടെ യോഗം സ്‌പീക്കർ വിളിച്ചത്.

നിയസഭയിൽ പ്രതിപക്ഷവും വാച്ച് ആന്റ് വാർഡും തമ്മിലുണ്ടായ സംഘർഷത്തിൽ എം.എൽഎമാർക്ക് പരുക്കേറ്റതായി കോൺഗ്രസ് ആരോപിച്ചിരുന്നു. സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ അംഗങ്ങളെ ഒഴിപ്പിക്കാൻ വാച്ച് ആന്റ് വാർഡ് ശ്രമിച്ചതാണ് കയ്യാങ്കളിയിൽ കലാശിച്ചത്. സ്പീക്കർ‌ നീതി പാലിക്കണമെന്ന ബാനർ ഉയർത്തിയായിരുന്നു പ്രതിപക്ഷം ഓഫീസ് ഉപരോധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *