വിജേഷ് പിള്ളയുടെ പരാതി; സ്വപ്‌ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
സ്വപ്‌ന സുരേഷിനെതിരായ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം. വിജേഷ് പിള്ളയുടെ പരാതിയിലാണ് അന്വേഷണം. അന്വേഷണ ചുമതല കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിനാണ്. മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ നിന്നും പിന്മാറാൻ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിലാണ് വിജേഷ് പരാതി നൽകിയത്.
വിജേഷ് പിള്ള ഡിജിപിയ്ക്ക് നൽകിയ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. സാധാരണഗതിയിൽ പരാതി നൽകുമ്പോൾ ജില്ലയിലെ ലോക്കൽ പൊലീസിനെ കൊണ്ടാണ് അന്വേഷിക്കുന്നത്. അത് മറികടന്നുകൊണ്ടാണ് ഇപ്പോൾ ക്രൈം ബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിച്ചിരിക്കുന്നത്. നേരത്തെ കെ ടി ജലീലിന്റെ പരാതിയിലും സർക്കാർ സ്വീകരിച്ച നിലപാട് ഇതാണ്. പരാതിക്കാരൻ കണ്ണൂരിൽ നിന്നുമായത് കൊണ്ട് കേസ് കേരളത്തിലെ ഏജൻസികളാകും അന്വേഷിക്കുക.
അതേസമയം ബ്രഹ്മപുരം തീപിടിത്തത്തിലും ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കരാർ കമ്പനിയുമായുള്ള ഇടപാടിൽ എം. ശിവശങ്കറിനു പങ്കുണ്ട്. മുഖ്യമന്ത്രി മൗനംപാലിച്ചത് അതുകൊണ്ടാണെന്നും സ്വപ്ന ഫെയ്സ്ബുക്കിൽ ഇന്നലെ കുറിച്ചിരുന്നു. വിഷയത്തിൽ 12 ദിവസമായി മുഖ്യമന്ത്രി തുടരുന്ന മൗനത്തെ വിമർശിച്ചുള്ളതാണ് ഇംഗ്ലീഷിലുള്ള കുറിപ്പ്.
താനും കൊച്ചിയിൽ ജീവിച്ചിരുന്നുവെന്നും അതിനാലാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്. എനിക്ക് ബെംഗളൂരുവിലേക്ക് രക്ഷപ്പെടേണ്ടി വന്നു. ഇനിയും മരിച്ചിട്ടില്ല. എന്റെ ജീവിതത്തിന് മേൽ അപായങ്ങളുണ്ടെന്ന തിരിച്ചറിവോടെ തന്നെ താൻ കൊച്ചിയിലെ ജനത്തിനൊപ്പം നിലകൊള്ളുന്നുവെന്നും സ്വപ്ന കുറിപ്പിൽ വ്യക്തമാക്കുന്നു.