ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനം
കോഴിക്കോട് മരിച്ച ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം ക്രൈംബ്രാഞ്ചിനു വിടും. കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസം വിശ്വനാഥന്റെ അമ്മയും സഹോദരനും മന്ത്രി കെ. രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറാന്‍ ഒരുങ്ങുന്നത്.
ഫെബ്രുവരി 11നാണ് വിശ്വനാഥനെ കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായി എത്തിയ വിശ്വനാഥനെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച ആള്‍ക്കൂട്ടം വിചാരണ നടത്തിയിരുന്നു. അതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത് എന്നാണ് കരുതുന്നത്.
എന്നാല്‍ കേസില്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്യാന്‍ ലോക്കല്‍ പോലീസിന് ആയില്ല. 370ലധികം ആളുകളുടെ മൊഴി രേഖപ്പെടുത്തി. ഒരുമാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത്തോടെയാണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറുന്നത്. ഡിജിപിയുടെ ഉത്തരവ് വന്നാല്‍ ഉടന്‍ കേസ് കൈമാറുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.