മീഡിയ വൺ വിലക്ക് സ്റ്റേ ചെയ്ത നടപടി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി; കോടതി വിധി അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കൽപ്പിക്കുന്നത്
തിരുവനന്തപുരം: മീഡിയ വണ്ണിന്റെ വിലക്ക് സ്റ്റേ ചെയ്‌ത കോടതി വിധി സ്വാഗതം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ നടപടിക്കെതിരായ സുപ്രിംകോടതി വിധി സന്തോഷം നൽകുന്നതാണ്. രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കൽപ്പിക്കുന്നതാണ് വിധി. ചാനലിനെ വിലക്കാൻ കേന്ദ്രം പറഞ്ഞ കാര്യങ്ങൾ സുപ്രിംകോടതിക്ക് ബോധ്യമായില്ലെന്നും മുദ്രവച്ച കവറിൽ കേന്ദ്രസർക്കാർ നൽകിയത് വ്യക്തമല്ലാത്ത ന്യായീകരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
മീഡിയ വൺ ചാനലിൻ്റെയും എഡിറ്റർ പ്രമോദ് രാജൻ്റെയും ഹർജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. ഇടക്കാല ഉത്തരവ് നൽകേണ്ട കേസ് ആണെന്ന് ബോധ്യപ്പെട്ടതായി സുപ്രിം കോടതി അറിയിക്കുകയായിരുന്നു. ഇതോടെ ചാനലിന് സംപ്രേഷണം തുടരാനാവും. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഫെബ്രുവരി എട്ടിനാണ് സംപ്രേക്ഷണ വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ശരിവച്ചു കൊണ്ട് മീഡിയാ വണ്ണിന്റെ ഹര്‍ജി സിംഗിള്‍ ബഞ്ച് തള്ളിയത്. ലൈസന്‍സ് പുതുക്കാത്തതിനെ തുടര്‍ന്ന് സംപ്രേക്ഷണ വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ചാനല്‍ ഉടമകളും ജീവനക്കാരും പത്രപ്രവര്‍ത്തക യൂണിയനും അപ്പീല്‍ നല്‍കിയിരുന്നത്. അപ്പീലില്‍ ഫെബ്രുവരി 10 ന് വാദം പൂര്‍ത്തികരിച്ചിരുന്നു.
കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയത്. മീഡിയവണ്ണിന് വേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡി. സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖിയും ഹാജരായാണ് വാദം നടത്തിയത്.