Saturday, October 19, 2024
Kerala

സംപ്രേക്ഷണ വിലക്ക്: മീഡിയ വണ്‍ സുപ്രീം കോടതിയെ സമീപിച്ചു

സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയവണ്‍ ചാനല്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. വിലക്കിനെതിരായ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരള പത്രപ്രവര്‍ത്തക യൂണിയനുമടക്കമുള്ളവര്‍ നല്‍കിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ബഞ്ച് തള്ളിയത്.

കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ജനുവരി 31ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹർജികള്‍ ഫെബ്രുവരി എട്ടിനാണ് സിംഗിള്‍ ബെഞ്ച് തള്ളിയത്. തുടര്‍ന്നാണ് അപ്പീല്‍ ഹരജിയുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

മീഡിയവണിന് വേണ്ടി സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും കേന്ദ്ര സര്‍ക്കാറിന് വേണ്ടി അഡീ. സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖിയും ഹാജരായാണ് വാദം നടത്തിയത്. ഫെബ്രുവരി പത്തിന് ഒരു ദിവസത്തെ വാദത്തിന് ശേഷം വിധി പറയാനായി മാറ്റുകയായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. മുദ്രവച്ച കവറിലാണ് മന്ത്രാലയം വിവരങ്ങള്‍ സിംഗിള്‍ ബെഞ്ചിന് മുമ്പാകെ കൈമാറിയത്.

Leave a Reply

Your email address will not be published.