Tuesday, December 31, 2024
Kerala

മീഡിയാ വണ്‍ വിലക്ക് തുടരും; അപ്പീല്‍ ഡിവിഷന്‍ ബെഞ്ചും തള്ളി

 

മീഡിയ വണ്‍ ചാനലിനെ സംപ്രേക്ഷണ വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുളള അപ്പീല്‍ ഹർജി ഹൈക്കോടതി തള്ളി. സിംഗിള്‍ ബെഞ്ച് നടപടിയില്‍ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളിയിരിക്കുന്നത്. ഇതോടെ ചാനലിന് ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് തുടരും.

മീഡിയ വണ്‍ ചാനല്‍ നല്‍കിയ ഹർജി നേരത്തെ സിംഗിള്‍ ബെഞ്ച് തളളിയിരുന്നു.ഈ ഉത്തരവ് ചോദ്യം ചെയ്താണ് ചാനല്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.

ചാനലിന്റെ പ്രവര്‍ത്തനം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ എന്തൊക്കെ കാരണങ്ങളാലാണ് വിലക്കിയതെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നുമാണ് ചാനലിന്റെ വാദം.മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവര്‍ കക്ഷികളായാണ് ഡിവിഷന്‍ ബെഞ്ചില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ ദുഷ്യന്ത് ദാവെയാണ് മീഡിയവണ്‍ ചാനലിനായി ഹാജരായത്.

കേസില്‍ വാദം പൂര്‍ത്തിയാവും വരെ ചാനലിന്റെ സംപ്രേക്ഷണം പുനരാരംഭിക്കാന്‍ അനുവദിച്ചു കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ദുഷ്യന്ത് ദാവെ ആവശ്യപ്പെട്ടെങ്കിലും ഇതിന് ഹൈക്കോടതി തയ്യാറായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *