Monday, January 6, 2025
Kerala

‘സത്യം സ്വർണ്ണ പാത്രം കൊണ്ട് മൂടി വച്ചാലും പുറത്തുവരും’; ശിവശങ്കറിന്റെ അറസ്റ്റിൽ രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവായിരിക്കെ താൻ ഉന്നയിച്ച ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞതായി രമേശ് ചെന്നിത്തല. സ്വർണക്കള്ളക്കടത്തും ലൈഫ് മിഷൻ അഴിമതിയും പുറത്തുകൊണ്ടുവന്നപ്പോൾ ആരോപണം തെറ്റാണെന്നും രാഷ്ട്രീയപ്രീതമാണെന്നും പറഞ്ഞവർ മറുപടി നൽകണം. കേന്ദ്ര ഏജൻസികൾ നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം നടത്തുകയാണെങ്കിൽ വമ്പൻ സ്രാവുകൾ ഇനിയും അറസ്റ്റിലാകുമെന്നും ചെന്നിത്തല. എം ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ ഡൽഹിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് മിഷൻ കേസിൽ ശിവശങ്കറിന്റെ അറസ്റ്റോടെ സത്യം പുറത്തുവന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണക്കള്ളക്കടത്തും ലൈഫ് മിഷൻ അഴിമതിയും നടന്നതെന്ന പ്രതിപക്ഷ ആരോപണം ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. കേന്ദ്ര ഏജൻസികൾ സത്യസന്ധമായി അന്വേഷിച്ചാൽ വസ്തുതകൾ പുറത്തുവരും എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ശിവശങ്കറിന്റെ അറസ്റ്റ്.

ലൈഫ് മിഷന്റെ ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയനാണ്. അതുകൊണ്ടു തന്നെ ഈ അറസ്റ്റ് വിരൽ ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കാണ്. ശിവശങ്കറിന്റെ അറസ്റ്റിൽ മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണം. പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോൾ ലൈഫ് മിഷനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സത്യം സ്വർണ്ണ പാത്രം കൊണ്ട് മൂടി വച്ചാലും പുറത്തുവരുമെന്നും ചെന്നിത്തല വ്യക്തമാക്കി.

സിപിഐഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് കൊണ്ടാണ് സ്വർണ്ണ കള്ളക്കടത്ത് കേസും ലൈഫ് മിഷൻ കേസും ഇഴഞ്ഞു നീങ്ങിയത്. ഈ കൂട്ടുകെട്ട് അവസാനിപ്പിച്ച് സത്യസന്ധമായ അന്വേഷണം നടത്തിയാൽ കൂടുതൽ പ്രതികൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *