Sunday, January 5, 2025
Kerala

4 ജി സാച്ചുറേഷന്‍ പദ്ധതി; ബിഎസ്എന്‍എല്ലിന് ഭൂമി പാട്ടത്തിന് നൽകും: മന്ത്രിസഭായോഗ തീരുമാനങ്ങള്‍

യൂണിവേഴ്‌സല്‍ സര്‍വ്വീസ് ഒബ്ലിഗേഷന്‍ ഫണ്ട് പ്രയോജനപ്പെടുത്തി 4 ജി സാച്ചുറേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് വ്യവസ്ഥകള്‍ പ്രകാരം ബിഎസ്എന്‍എല്ലിന് ഭൂമി പാട്ടത്തിന് നല്‍കാന്‍ ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ടെലികമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നിലവില്‍ കണ്ടെത്തിയതും ഇനി തെരെഞ്ഞെടുക്കുന്നതുമായ പ്രദേശങ്ങളിലുള്ള സര്‍ക്കാര്‍ വകുപ്പ്/തദ്ദേശ സ്വയംഭരണ സ്ഥാപനം/സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് നല്‍കുക.

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍:

സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റിയില്‍ 56500-118100 രൂപ ശമ്പള നിരക്കില്‍ ഒരു എന്‍വയോണ്‍മെന്റ് ഓഫീസറുടെയും 51400-110300 ശമ്പള നിരക്കില്‍ 2 അസിസ്റ്റന്റ് എന്‍വയോണ്‍മെന്റ് ഓഫീസര്‍മാരുടെയും തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
സംസ്ഥാന പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായി വി.പി. സുബ്രഹ്മണ്യനെ രണ്ടുവര്‍ഷത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ചു.
കോട്ടൂര്‍ ആന പുനരധിവാസകേന്ദ്രത്തിന്റെയും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെയും സ്‌പെഷ്യല്‍ ഓഫീസറുടെ നിയമന കാലാവധി 31.12.2023 വരെ ദീര്‍ഘിപ്പിക്കും.
ഫോറസ്റ്റ് ഇന്റസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡിലെ തൊഴിലാളികളുടെ 1.07.2017 മുതല്‍ 30.06.2022 വരെയുള്ള ദീര്‍ഘകാല കരാര്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു.
തൃശൂര്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ നെല്ലായി വില്ലേജില്‍ ഭൂരഹിത തൊഴിലാളികുടുംബങ്ങള്‍ക്ക് വീടുവയ്ക്കുന്നതിന് സ്ഥലം നല്‍കുന്ന പദ്ധതിയില്‍ 8 ഗുണഭോക്താക്കള്‍ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്തു നല്‍കുന്നതിന് മുദ്രവിലയിനത്തില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചു. വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയ്ക്ക് താഴെയുള്ളവര്‍ക്കാണ് ഇളവ്. പരമാവധി 90,064 രൂപയാണ് ഇളവ് നല്‍കുക. രജിസ്‌ട്രേഷന്‍ ഫീസില്‍ പരമാവധി 22,516 രൂപ ഇളവ് നല്‍കും.
തൃശൂര്‍ വികസന അതോറിറ്റിയിലെ സാങ്കേതിക വിഭാഗം ജീവനക്കാരായ നാലുപേരെ തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് സര്‍വ്വീസിലേക്ക് ആഗിരണം ചെയ്യാന്‍ തീരുമാനിച്ചു.
കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ബോണസിന് അര്‍ഹതയില്ലാത്ത ജീവനക്കാര്‍ക്ക് 2021-22 വര്‍ഷത്തെ എക്‌സ്‌ഗ്രേഷ്യ അനുവദിക്കാന്‍ തീരുമാനിച്ചു. 14600 രൂപയാണ് അനുവദിക്കുക.
വെസ്റ്റ് കോസ്റ്റ് കനാലിന്റെ ആക്കുളം-കൊല്ലം ഭാഗത്ത് (റീച്ച് -2) സാമ്പത്തിക വികസന മേഖലകള്‍ വികസിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും ഏകദേശം 70.7 ഏക്കര്‍ ഭൂമി 61.58 കോടി രൂപ ചിലവില്‍ ഏറ്റെടുക്കാന്‍ കിഫ്ബി ധനസഹായം ലഭ്യമാക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *