Sunday, April 13, 2025
Kerala

പൊലീസിന് നേരെ ബോംബെറിഞ്ഞ സംഭവം; മുഖ്യപ്രതി ഷെഫീഖ് പിടിയിൽ

തിരുവനന്തപുരം മംഗലപുരത്ത് പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി ഷെഫീക്കിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ആര്യനാട് നിർമ്മാണം നടക്കുന്ന ഒരു വീട്ടിൽ കൂട്ടാളിക്കൊപ്പം ഒളിവിൽ താമസിക്കുകയായിരുന്ന പ്രതിയെ നാട്ടുകാരാണ് പിടിച്ച് പൊലീസിലേൽപ്പിച്ചത്. നിർമ്മാണത്തിലിരിക്കുന്ന തന്റെ വീട്ടിൽ രണ്ട് പേർ താമസിക്കുന്നത് കണ്ട വീട്ടുടമ ഇവരെ ചോദ്യം ചെയ്തു. ഇതോടെ പ്രതികൾ വീട്ടുടമയെ മർദിച്ച് കിണറ്റിലിട്ടു. നിലവിളി കേട്ടത്തിയ നാട്ടുകാരാണ് ഷെഫീക്കിനെ പിടികൂടിയത്. ഷെഫീക്കിനൊപ്പമുണ്ടായിരുന്ന അബിൻ എന്നയാൾ രക്ഷപ്പെട്ടു.

പായ്ച്ചിറയിൽ പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെയാണ് കഴിഞ്ഞ ദിവസം രണ്ട് പ്രാവശ്യം ബോംബേറുണ്ടായത്. ബുധനാഴ്ച വൈകീട്ടാണ് പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്. സ്വർണകവർച്ച ഉൾപ്പെടെ നിരവധിക്കേസുകളിൽ പ്രതികളായ ഷഫീക്ക്, ഷെമീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തട്ടികൊണ്ടുപോകൽ. ഷെഫീക്കിന്റെ വീട്ടിൽ കൊണ്ടുപോയി നിഖിലിനെ സംഘം മർദിച്ചു. നിഖിൽ നേരത്തെ കഞ്ചാവ് കേസിൽ പ്രതിയാണ്. നിഖിലിനെ മോചിപ്പിക്കാൻ അച്ഛനെ വിളിച്ച് അഞ്ചുലക്ഷം രൂപ ഗുണ്ടാസംഘം ആവശ്യപ്പെട്ടു. ലൊക്കേഷനും അയച്ചു കൊടുത്തു. ലോക്കേഷൻ കേന്ദ്രീകരിച്ച് കഴക്കൂട്ടം പൊലീസ് ഇന്നലെയെത്തുമ്പോള്‍ കഴക്കൂട്ടം ഏലായിൽവച്ച് നിഖിലിനെ ഉപേക്ഷിച്ച് പ്രതികള്‍ കടക്കുകയായിരുന്നു.

അതിനുശേഷം ഷെഫീക്ക്, ഷെമീർ എന്നിവരുടെ വീട്ടിൽ പൊലീസെത്തി. വീട്ടിനുള്ളിൽ നിന്നും ഗുണ്ടാസംഘം പൊലീസിനുനേരെ ബോംബറിഞ്ഞു. വീണ്ടും കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോള്‍ പ്രതികളുടെ അമ്മ ഷീജ പൊലീസിനുനേരെ മഴുവെറിഞ്ഞു. ഷെമീറിനെയും ഷീജയെയും മംഗലാപുരം പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് നേരെ ബോംബെറിഞ്ഞ ഷെഫീഖ് വീണ്ടും ഒളിവിൽ പോകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *