‘ആലപ്പുഴ സിപിഐഎമ്മില്‍ ഭിന്നതയെന്ന തരത്തില്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കി’; വിമര്‍ശിച്ച് ആര്‍ നാസര്‍
ആലപ്പുഴ സിപിഐഎമ്മില്‍ ഭിന്നതയെന്ന വാര്‍ത്ത തള്ളി സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. ഇല്ലാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയായി നല്‍കിയെന്ന് ആര്‍ നാസര്‍ വിമര്‍ശിച്ചു. ജില്ലയില്‍ ചില നേതാക്കള്‍ സമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കാത്ത തെറ്റുകളില്‍ ഏര്‍പ്പെട്ടു. അവര്‍ക്കെതിരെ സംഘടന നടപടിയും സ്വീകരിച്ചു. എല്ലാ തീരുമാനങ്ങളും പാര്‍ട്ടി നേതൃത്വം ഒറ്റകെട്ടായാണ് എടുത്തത്. എന്നാല്‍ പാര്‍ട്ടിയില്‍ ഭിന്നത എന്ന രൂപത്തില്‍ ചില നേതാക്കളുടെ പേരെടുത്ത് പറഞ്ഞു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും ആര്‍ നാസര്‍ വിമര്‍ശിച്ചു.
കുട്ടനാട്ടിലെ കൂട്ടരാജിയിലും ആര്‍ നാസര്‍ പ്രതികരണം അറിയിച്ചു. കുട്ടനാട്ടില്‍ ഒരു സഖാവ് പോലും പാര്‍ട്ടി വിടില്ലെന്ന് ആര്‍ നാസര്‍ പറയുന്നു. ഏരിയ കമ്മിറ്റിയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴയിലെ വിഭാഗീയത പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം വീണ്ടും സിപിഐഎം അന്വേഷണ കമ്മീഷനെത്തിയിരുന്നു. സമ്മേളന കാലത്തെ വിഭാഗീയതയ്‌ക്കൊപ്പം അടുത്ത കാലത്തുണ്ടായ ലഹരിക്കടത്ത് കേസ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.രാമക്യഷ്ണന്‍, പി.കെ.ബിജു എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, പരാതി നല്‍കിയ ജില്ലാകമ്മിറ്റി അംഗങ്ങള്‍ എന്നിവരില്‍ നിന്നുമാണ് വിവരങ്ങള്‍ തേടുന്നത്.