സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പുറത്തുവിട്ടു; ആകെ ദൂരം 530 കിലോമീറ്റർ, വേണ്ടത് 1383 ഹെക്ടർ ഭൂമി
സിൽവർ ലൈൻ പദ്ധതിയുടെ വിശദ പദ്ധതി രേഖ (ഡി.പി.ആർ) പുറത്തുവിട്ടു. ഡി.പി.ആറും റാപ്പിഡ് എൻവയോൺമെന്റ് സ്റ്റഡി റിപ്പോർട്ടുമാണ് പുറത്തുവിട്ടത്. ആറ് ഭാഗങ്ങൾ അടങ്ങുന്നതാണ് ഡി.പി.ആറിന്റെ പൂർണരൂപം. ട്രാഫിക് സ്റ്റഡി റിപ്പോർട്ടും ഡി.പി.ആറിന്റെ പ്രധാന ഭാഗമാണ്. കൂടാതെ, പൊളിക്കേണ്ട ദേവാലയങ്ങൾ അടക്കമുള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും റിപ്പോർട്ടിൽ അടങ്ങിയിട്ടുണ്ട്. ആറ് വോളിയങ്ങളായി 3773 പേജുള്ളതാണ് വിശദമായ പദ്ധതിരേഖ
പദ്ധതി പ്രദേശത്തെ സസ്യജാലങ്ങളെ കുറിച്ചുള്ള റിപ്പോർട്ടും ഡി.പി.ആറിൽ വ്യക്തമാക്കുന്നു. നേരത്തെ എക്സിക്യൂട്ടീവ് സമ്മറി മാത്രമാണ് പുറത്തു വന്നിരുന്നത്. പരിസ്ഥിതി ആഘാത പഠനം സംസ്ഥാനത്ത് ആരംഭിക്കുന്ന ദിവസം തന്നെയാണ് ഡി.പി.ആറിന്റെ പൂർണരൂപം പുറത്തുവിട്ടത്. പദ്ധതി പ്രദേശത്തെ പരിസ്ഥിതിയെ കെ-റെയിൽ എങ്ങനെ ബാധിക്കും എന്നതടക്കമുള്ള കാര്യങ്ങൾ ഡി.പി.ആറിൽ വ്യക്തമാകുന്നുണ്ട്. തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലെപ്മെന്റ് ആണ് ഈ പരിസ്ഥിതി ആഘാത പഠനം നടത്തിയത്. സ്റ്റേഷനുകളുടെ രൂപരേഖയും ഡി.പി.ആറിലുണ്ട്.
കെ- റെയിൽ ഡി.പി.ആർ പുറത്തുവിടാനാകില്ലെന്ന നിലപാടായിരുന്നു ഇത്രയും കാലം സംസ്ഥാന സർക്കാർ കൈക്കൊണ്ടത്. കേന്ദ്ര സർക്കാറിന്റെ അംഗീകാരം കിട്ടിയ ശേഷമേ ഡി.പി.ആർ പ്രസിദ്ധീകരിക്കുകയുള്ളൂവെന്നായിരുന്നു പറഞ്ഞിരുന്നത്. സർവേ പൂർത്തിയായി കഴിഞ്ഞാൽ മാത്രമേ ഏതൊക്കെ കെട്ടിടങ്ങൾ പൊളിക്കണമെന്ന് പറയാനാകൂവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും വാദങ്ങളെ തള്ളുന്നതാണ് ഡി.പി.ആറിലെ വിവരങ്ങൾ. 2025-26ലാണ് പദ്ധതി കമ്മീഷൻ ചെയ്യുക. പദ്ധതിയിലൂടെ സർക്കാരിന് എത്രത്തോളം വരുമാനമുണ്ടാക്കാനാകുമെന്ന വിവരവും ഡി.പി.ആറിൽ വിശദീകരിക്കുന്നുണ്ട്.
കെ റെയിൽ പദ്ധതി പാതയുടെ ആകെ ദൂരം 530.6 കി.മീറ്ററാണെന്ന് ഡിപിആറിൽ പറയുന്നു. പദ്ധതി തുകയുടെ 52.7 ശതമാനം തുകയും വായ്പയായി കണ്ടെത്തും. 20 മിനുട്ട് ഇടവേളയിൽ പ്രതിദിനം 37 സർവീസുകൾ ഉണ്ടാകും. പ്രതിദിനം ആറ് കോടി രൂപയാണ് വരുമാനം പ്രതീക്ഷിക്കുന്നത്. 13 കി.മീറ്റർ പാലങ്ങൾ, 11 കി.മീറ്റർ തുരങ്കങ്ങൾ എന്നിവ പദ്ധതിക്കായി നിർമിക്കും. കെ റെയിലിന്റെ 30 മീറ്റർ പരിധിയിൽ മറ്റ് നിർമാണങ്ങൾ പാടില്ല. 1383 ഹെക്ടർ ഭൂമിയാണ്പദ്ധതിക്കായി വേണ്ടത്.1198 ഹെക്ടർ ഭൂമി സ്വകാര്യ വ്യക്തികളിൽനിന്നും ഏറ്റടുക്കും. കൊല്ലത്ത് വർക്ക് ഷോപ്പ്, കാസർകോട് പരിശോധന കേന്ദ്രം എന്നിവയുണ്ടാകും. ഒരു ട്രെയിനിൽ ഒമ്ബത് കോച്ചുകൾ- എന്നിങ്ങനെയാണ് ഡിപിആറിൽ പറയുന്നത്