Saturday, January 4, 2025
Kerala

വയോധികയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു; അമ്മയും മകനും സുഹൃത്തും പിടിയിൽ

 

തിരുവനന്തപുരം വിഴിഞ്ഞത്ത് അയൽവാസിയായ വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന്റെ മച്ചിൽ ഒളിപ്പിച്ച് മുങ്ങിയ പ്രതികൾ പിടിയിൽ. മുല്ലൂർ പനവിള ആലുംമൂട് വീട്ടിൽ ശാന്തകുമാരിയാണ് കൊല്ലപ്പെട്ടത്. കേസിൽ അയൽവാസികളായ റഫീഖ ബീവി(50), മകൻ ഷഫീഖ്(23), സുഹൃത്ത് അൽ അമീൻ(26) എന്നിവരാണ് പിടിയിലായത്

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. പ്രതികൾ വാടകക്കാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച വീട് മാറുകയാണെന്ന് ഇവർ വീട്ടുടമയെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം വീട്ടുടമയുടെ മകൻ ഇവരുടെ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടി താക്കോൽ പുറത്ത് വെച്ച നിലയിലായിരുന്നു. തുടർന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് തട്ടിന് മുകളിൽ നിന്ന് രക്തം വീഴുന്നത് കണ്ടത്. പിന്നീട് നാട്ടുകാരെ വിളിച്ച് പരിശോധിച്ചപ്പോൾ സ്ത്രീയുടെ മൃതദേഹം തട്ടിന് മുകളിൽ കണ്ടു

പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം താഴേക്ക് എത്തിച്ചത്. റഫീഖ ബീവിയാണ് മരിച്ചത് എന്നായിരുന്നു അദ്യ സംശയം. പ്രതികളുടെ ഫോൺ നമ്പറുകളുടെ ലൊക്കേഷൻ പരിശോധിച്ചാണ് ഇവരെ പിടികൂടിയത്. ഇവർ കോഴിക്കോടേക്ക് പോകുന്ന സ്വകാര്യ ബസിൽ കയറിയതായി മനസ്സിലാക്കുകയും ബസിന്റെ ജീവനക്കാരെ പോലീസ് ബന്ധപ്പെടുകയും കഴക്കൂട്ടം പോലീസ് സ്‌റ്റേഷന് സമീപം ബസ് നിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു

വയോധികയെ ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയ ശേഷം ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശാന്തകുമാരിയുടെ ശരീരത്തിലുണ്ടായിരുന്ന മാല, വള, കമ്മൽ, മോതിരം എന്നിവ പ്രതികൾ കൈക്കലാക്കി. ഇതിൽ വളയും മോതിരവും വിഴിഞ്ഞത്തുള്ള സ്വർണക്കടയിൽ വിറ്റതായും പ്രതികൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *