മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കുമെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എം. കെ മുനീർ
ഗുരുതര ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കുമെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എം കെ മുനീർ. ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് എം. കെ മുനീർ കത്ത് നൽകി. സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് ഇന്നലെ മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു.
ഈ പ്രഖ്യാപനം ഗുരുതരമായ ചട്ടലംഘനമാണെന്ന് മുനീർ പറഞ്ഞു. വോട്ടർമാരെ സ്വാധീനിക്കാൻ ആണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞതെന്ന് മുനീർ കത്തിൽ പറയുന്നു. ക്ഷേമ പെൻഷൻ ലഭിക്കുന്നവർക്ക് ജനുവരിയിൽ മസ്റ്ററിംഗ് നടത്തില്ല എന്ന ധനകാര്യമന്ത്രിയുടെ പ്രസ്താവനയും ഗുരുതരമായ ചട്ടലംഘനമാണെന്ന് മുനീർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇതിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും മുനീർ കത്തിൽ പറയുന്നു.