എട്ട് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല; മലപ്പുറത്ത് 19കാരനെ കാണാതായതിൽ ദുരൂഹത
മലപ്പുറം താനൂരിൽ പത്തൊമ്പതുകാരനെ കാണാതായതിൽ ദുരൂഹത. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് യുവാവിനെ കാണാതായത്. സംഭവം നടന്ന് എട്ട് ദിവസം പിന്നിട്ടിട്ടും യുവാവിനെ കണ്ടെത്താനാകാതെ പൊലീസ്. പിതാവ് ദേഷ്യപ്പെട്ടതിൽ മനംനൊന്താണ് യുവാവ് വീടുവിട്ടിറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.
താനൂർ കമ്പനിപ്പടി പടിഞ്ഞാറ് വശം താമസിക്കുന്ന ചന്ദ്രശേഖരൻ, സുധ ദമ്പതികളുടെ മകനാണ് എപി ശ്രീഹരി. ലോട്ടറി കടയിൽ ജോലി ചെയ്തിരുന്ന യുവാവ് ഇക്കഴിഞ്ഞ ആറാം തീയതി കടയിൽ നിന്ന് നേരത്തെ ഇറങ്ങുന്നു. തുടർന്ന് വീട്ടിൽ വീടിന് സമീപത്ത് സുഹൃത്തുക്കൾക്കൊപ്പം ചിലവഴിക്കുന്നു. രാത്രി ഏറെ വൈകിയും മകൻ എത്താതായതോടെ ചന്ദ്രശേഖരൻ അന്വേഷിച്ചു പോവുകയും കൂട്ടിക്കൊണ്ടു വരികയും ചെയ്യുന്നു. തുടർന്ന് വഴക്കു പറയുന്നു. ഇതാണ് വീട് വിട്ടിറങ്ങാൻ കാരണമായി വീട്ടുകാർ പ്രാഥമികമായി കണക്കാക്കുന്നത്.
ഇന്നേക്ക് എട്ട് ദിവസമായി യുവാവിനെ കാണാതായിട്ട്. ഇയാൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. താനൂർ പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ ശ്രീഹരിയെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ഫോൺ രക്ഷിതാക്കളുടെ കൈവശമാണുള്ളത്. നാട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ദിവസവും ജില്ലയ്ക്ക് അകത്തും പുറത്തും അന്വേഷണം നടത്തുന്നുണ്ട്.