പോയത് പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കാൻ; ഉമ്മുസൽമയെ കാണാതായിട്ട് 41 ദിവസം
മലപ്പുറം പൊന്നാനിയിൽ യുവതിയുടെ തിരോധനത്തിൽ ദുരൂഹത ഏറുന്നു. പൊന്നാനി വട്ടപറമ്പിൽ അബൂതാഹിറിന്റെ ഭാര്യ ഉമ്മുസൽമയെയാണ് കാണാതായിട്ട് ഒരു മാസം പിന്നിടുന്നത്. അയിങ്കലം യതീംഖാനയിൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കാൻ എന്ന പേരിലാണ് യുവതി വീട്ടിൽ നിന്ന് ഇറങ്ങിയത്.പൊന്നാനി പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഒരു തുമ്പും കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
ജൂൺ മാസം 26 തിയ്യതിയാണ് പൊന്നാനി വട്ടപറമ്പിൽ അബൂതാഹിറിന്റെ ഭാര്യ ഉമ്മുസൽമയെ കാണാതായത്. പഠിച്ചിരുന്ന അയിങ്കലം യതീംഖാനായിൽ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ഉണ്ടെന്ന് പറഞ്ഞാണ് ഉമ്മുസൽമ വീട്ടിൽ നിന്ന് ഇറങ്ങിയത്.എന്നാൽ ഏറെ വൈകീയും കാണാതായതോടെയാണ് ബന്ധുക്കൾ അന്വേഷണം ആരംഭിച്ചത്.
ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. അല്പസമയത്തിനകം യതീംഖാനയിൽ എത്തുമെന്ന് സുഹൃത്തുക്കളെ ഉമ്മുസൽമ വിളിച്ച് അറിയിച്ചെങ്കിലും പിന്നീട് എന്ത് സംഭവിച്ചു എന്നത് ദുരൂഹമാണ്.
എന്നാൽ ഉമ്മുസൽമയെ കാണാതായ അടുത്ത ദിവസം ദുരൂഹത വർധിപ്പിക്കും വിധം ഒരു ഫോൺ കോൾ ഭർത്താവ് അബൂതാഹിറിന്റെ മൈബൽ ഫോണിലേക്ക് വന്നിരുന്നു. പക്ഷെ വ്യക്തമായി ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അൽപസമയത്തിന് ശേഷം കോൾ തനിയെ കട്ടായി. ഇതോടെ കുടുബം പൊലീസിൽ പരാതി നൽകി. 41 ദിവസമായി യുവതിയെ കാണാതായിട്ട് കേസ് അന്വേഷിക്കുന്ന പൊന്നാനി പൊലീസിന് ഒരു തുമ്പും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. രണ്ട് കുട്ടികളാണ് ഉമ്മുസൽമക്ക് ഉള്ളത്.