കൊച്ചിയിൽ മുൻ മിസ്‌കേരള ഉൾപ്പടെ മൂന്നു പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു
കൊച്ചിയിൽ മുൻ മിസ്‌കേരള ഉൾപ്പടെ മൂന്നു പേർ വാഹനാപകടത്തിൽ മരിച്ച കേസിൽ വാഹനം ഓടിച്ച അബ്ദുൾ റഹ്‌മാനെ നാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. അപകടം സംഭവിച്ച കാറിനെ പിന്തുടർന്ന ഔഡി കാറിന്റെ ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.
വാഹനാപകടത്തിന്റ ദുരൂഹത നീക്കാൻ പൊലീസിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. കേസിൽ അറസ്റ്റിലായ ഡ്രൈവർ അബ്ദുറഹ്‌മാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ ചോദ്യം ചെയ്യലിലേക്ക് പൊലീസ് കടന്നത്. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്ന് ഇറങ്ങിയ ശേഷം ഔഡി കാർ ചെയ്സ് ചെയ്യാൻ ശ്രമിച്ചതായാണ് ഡ്രൈവറുടെ മൊഴി.
കാറുകൾ തമ്മിൽ മത്സരയോട്ടം നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെയും പ്രാഥമിക നിഗമനം . ഇതിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഔഡി കാർ ഓടിച്ചിരുന്ന എറണാകുളം സ്വദേശി സൈജുവിനെ പാലാരിവട്ടം സ്റ്റേഷനിൽ ഇന്നലെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അപകടത്തിൽ രക്ഷപ്പെട്ട ബൈക്ക് യാത്രികൻ ഡിനിൽ ഡേവിസിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
ഡിജെ പാർട്ടി നടന്ന ഹാളിലെ ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ ഒളിപ്പിച്ച ശേഷം ഹോട്ടൽ ഉടമ ഒളിവിൽ പോയതായ സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡിവിആർ കണ്ടെടുക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.