പാനൂരിൽ സദാചാര ഗുണ്ടയായി ഓട്ടോ ഡ്രൈവർ; സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നുപോയ വിദ്യാർഥിയെ നടുറോഡിലിട്ട് മർദിച്ചു
കണ്ണൂർ പാനൂരിൽ വിദ്യാർഥിക്ക് നേരെ സദാചാര ഗുണ്ടായിസവുമായി ഓട്ടോ റിക്ഷ ഡ്രൈവർ. സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നുപോയ സ്‌കൂൾ വിദ്യാർഥിയെ ഓട്ടോ ഡ്രൈവർ ജിനീഷ് ക്രൂരമായി മർദിക്കുകയായിരുന്നു. പാനൂർ മുത്താറിപീടികയിൽ വെച്ചാണ് സംഭവം
മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയെയാണ് ജിനീഷ് നടുറോഡിലിട്ട് മർദിച്ചത്. പത്താം ക്ലാസ് മോഡൽ പരീക്ഷ കഴിഞ്ഞു വരികയായിരുന്നു വിദ്യാർഥി. കുട്ടിയെ ജിനീഷ് റോഡിൽ തടഞ്ഞു നിർത്തുകയും മുഖത്തും ദേഹത്തുമായി അടിക്കുകയായിരുന്നു
പെൺകുട്ടിയുടെ കൂടെ നടന്നുപോയത് ചോദ്യം ചെയ്തായിരുന്നു മർദനം. വിദ്യാർഥിയുടെ കുടുംബം പോലീസിൽ പരാതി നൽകിയെങ്കിലും കേസ് ഒത്തു തീർക്കാനാണ് പോലീസ് ശ്രമിച്ചതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. അതേസമയം വിദ്യാർഥിയെ ആളുമാറിയാണ് മർദിച്ചതെന്ന് ഓട്ടോ ഡ്രൈവർ പറയുന്നു.