ഗൂഗിൾ മാപ്പ് നോക്കി യാത്ര; അട്ടപ്പാടി ചുരത്തിൽ ട്രെയിലർ മറിഞ്ഞ് ഗതാഗതം സ്തംഭിച്ചു
അട്ടപ്പാടി ചുരത്തിൽ ട്രെയിലർ മറിഞ്ഞ് ഗതാഗതം സ്തംഭിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോയിരുന്ന ട്രെയിലറുകളാണ് അപകടത്തിൽപ്പെട്ടത്. കേബിളുകളുമായി പോയിരുന്ന ട്രൈലറുകളിൽ ഒന്ന് ഏഴാം വളവിൽ മറിയുകയും മറ്റൊന്ന് വഴിയിൽ കുടുങ്ങുകയുമായിരുന്നു.
കോയമ്പത്തൂരിലേക്ക് പോയിരുന്ന ട്രൈലറുകളുടെ ഡ്രൈവർമാർ ഗൂഗിൾ മാപ്പിനെ ആശ്രയിച്ചതാണ് ചുരം റോഡിലേക്ക് കയറാൻ കാരണം. ഗൂഗിൾ മാപ്പ് നോക്കി എളുപ്പ വഴി തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഡ്രൈവർ പറയുന്നു. എന്നാൽ വഴിയിൽ ട്രെയ്‌ലറുകൾക്ക് തടസം അനുഭവപ്പെടുകയായിരുന്നു.
അട്ടപ്പാടിയിലേക്ക് പോകേണ്ടതും മണ്ണാർക്കാട്ടേക്ക് ഇറങ്ങേണ്ടതുമായ നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങിയിരിക്കുകയാണ്. രണ്ട് വാഹനങ്ങളും മാറ്റാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.