അപേക്ഷകളിലെ തെറ്റ് തിരുത്തുന്നതിന് പകരം പുതിയത് വാങ്ങി, അനർഹർക്കും പെൻഷൻ കിട്ടി: ഡോ.ബിജു ജേക്കബ്
സംസ്ഥാനത്ത് നികുതി പിരിവ് കാര്യക്ഷമമല്ലെന്ന് പ്രിൻസിപ്പൽ അക്കൗണ്ട് ജനറൽ ഡോ ബിജു ജേക്കബ്. താഴെത്തട്ടിലെ അലംഭാവമാണ് ഇതിനുകാരണം, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ 38,270 ട്രാൻസ്‌പോർട്ട് വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്. ബഡ്ജറ്റിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വകയിരുത്തിയ തുക ഫലപ്രദമായി വിനിയോഗിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. റവന്യു വിഭാഗം സംബന്ധിച്ച സിഎജി റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
സാമൂഹ്യ സുരക്ഷാ പെൻഷനിലെ നിരസിക്കപ്പെട്ട അപേക്ഷകളിലെ തെറ്റുകൾ തിരുത്തുന്നതിന് പകരം പുതിയ അപേക്ഷകളായി സ്വീകരിച്ചുവെന്നും ഇത് മൂലം അനർഹർക്ക് പെൻഷൻ കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. സമയാസമയങ്ങളിൽ പെൻഷൻ കൊടുക്കാനായില്ല. വിധവ പെൻഷൻ അനർഹർക്കും കിട്ടി. മരിച്ച 4039 പേർക്ക് ക്ഷേമ പെൻഷൻ ലഭിച്ചെന്നും ഡോ ബിജു ജേക്കബ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നികുതി പിരിച്ചെടുക്കാൻ ഉള്ളത് ജിഎസ്ടി വകുപ്പിൽ നിന്നാണ്, ജിഎസ്ടി വകുപ്പിൽ ആഭ്യന്തര ഓഡിറ്റ് സംവിധാനമില്ല. പരിശോധന സംവിധാനത്തിലും പിഴവുണ്ടായി. മദ്യ ലൈസൻസുകൾ അനധികൃത കൈമാറ്റം നടത്തിയത് നഷ്ടം വരുത്തിഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നികുതി ചുമത്തലിലും ഈടാക്കലിലും പിഴവുകൾ ഉണ്ടായതായാണ് സിഎ ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ആര്‍ടിഒ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72.98 കോടി രൂപയുടെ നികുതി ചുമത്താതെ പോയി എന്നും റിപ്പോർട്ടിൽ പറയുന്നു. അർഹതയില്ലാത്ത പലർക്കും സാമൂഹിക സുരക്ഷാ പെൻഷൻ നൽകിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.