പേവിഷ ബാധയേറ്റെന്ന് സംശയിക്കുന്ന പശുവിനെ കൊല്ലാന്‍ ദയാവധത്തിന് അനുമതി തേടി
തെരുവുനായ ശല്യം അതിരൂക്ഷമായ സാഹചര്യത്തിനിടെ പേവിഷ ബാധയേറ്റെന്ന് സംശയിക്കുന്ന പശുവിനെ കൊല്ലാന്‍ ദയാവധത്തിന് അനുമതി തേടും. കണ്ണൂര്‍ ജില്ലാ പഞ്ചായത്താണ് അനുമതി തേടുന്നത്. സുപ്രിംകോടതിയിലെ കേസില്‍ കക്ഷി ചേരാനാണ് തീരുമാനം. വിഷയത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
കണ്ണൂരില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റത് 370 പേര്‍ക്കാണെന്നാണ് കണക്കുകള്‍. ജില്ലയില്‍ മറ്റൊരു പശുവിനും പേവിഷ ബാധയേറ്റിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. രോഗലക്ഷണമുള്ള ചിറ്റാരിപ്പറമ്പിലെ പശുവിനെ ദയാവധം നടത്താനാണ് ആലോചിക്കുന്നത്.
കണ്ണൂര്‍ ചാലയിലെ സുനന്ദയുടെ പശു കഴിഞ്ഞ ദിവസം പേവിഷബാധയേറ്റ് ചത്തിരുന്നു. പേ വിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതോടെ വെറ്റിനറി ഡോക്ടര്‍മാരെത്തി പരിശോധന നടത്തിയാണ് രോഗം സ്ഥിരീകരിച്ചത്.
പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തില്‍ കാണുന്നില്ലാത്തതിനാല്‍ എങ്ങനെയാണ് പേ വിഷ ബാധയേറ്റത് എന്ന കാര്യം വ്യക്തമായിട്ടില്ല.