ചോദിച്ച പണം നല്‍കാത്തതിലുള്ള ദേഷ്യം; എറണാകുളത്ത് മകന്റെ കുത്തേറ്റ മാതാവ് മരിച്ചു
മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മാതാവ് മരിച്ചു. എറണാകുളം നായത്തോട് സ്വദേശി മേരിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മകന്‍ കിരണ്‍ കുഞ്ഞുമോനെ പൊലീസ് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഈ മാസം ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കിരണ്‍ കുഞ്ഞുമോന്‍ മാതാവിനോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കാന്‍ മേരി തയാറായില്ല. ഇതില്‍ പ്രകോപിതനായ കിരണ്‍ അടുക്കളയില്‍ നിന്നും കത്തിയെടുത്ത് മാതാവിനെ കുത്തുകയായിരുന്നു.
വയറില്‍ ആഴത്തില്‍ മുറിവേറ്റ മേരിയെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മേരി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ കിരണിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.