മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി മരിച്ചു ഇദ്ദേഹത്തിന്റെ മകൾ സൂര്യയുടെ വിവാഹം ഇന്ന്
ആലപ്പുഴ: മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി മരിച്ചു. വീടും ഭാഗികമായി കത്തി. ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് സംഭവം. നമ്പുകണ്ടത്തിൽ സുരേന്ദ്രനാണ് മരിച്ചത്. 54 വയസായിരുന്നു. ഇദ്ദേഹത്തിന്റെ മകൾ സൂര്യയുടെ വിവാഹം ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കാനിരിക്കെയാണ് മരണം. മുഹമ്മയിലാണ് വിവാഹ ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്.
കുടുംബവുമായി ഏറെ കാലമായി അകന്ന് കഴിയുകയായിരുന്നു സുരേന്ദ്രൻ. ഭാര്യ നേരത്തേ മരിച്ച് പോയിരുന്നു. രണ്ട് പെൺമക്കളും അമ്മയുടെ ബന്ധുക്കൾക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവരിൽ മൂത്ത മകളാണ് സൂര്യ. ഇന്ന് രാവിലെ കഞ്ഞിക്കുഴിയിൽ അയൽവാസികളാണ് സുരേന്ദ്രന്റെ വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. പിന്നാലെ തീയണച്ചെങ്കിലും സുരേന്ദ്രനെ രക്ഷിക്കാനായില്ല.