Thursday, January 23, 2025
Kerala

ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണം; പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് പി.വി അന്‍വര്‍

മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെടുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും പരാതി നല്‍കും. ഷാജന്‍ സ്‌കറിയയോട് വ്യക്തി വൈരാഗ്യമില്ല. മോശം മാധ്യമപ്രവര്‍ത്തനത്തെയാണ് എതിര്‍ത്തതെന്നും പി വി അന്‍വര്‍ വ്യക്തമാക്കി.

ഷാജന്‍ സ്‌കറിയയ്‌ക്കെതിരെയുള്ള പുതിയ പരാതി വലിയ ഗൗരവമുള്ളതാണ്. കേരള പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തി. ചോര്‍ത്തിയത് മാത്രമല്ല അത് യൂ ട്യൂബില്‍ പ്രചരിപ്പിക്കുകയും ചെയ്തു. പൊലീസിന്റെ നീക്കങ്ങള്‍ ഒക്കെ ഷാജന്‍ ചോര്‍ത്തിയെടുക്കുന്നു. അത് കൊണ്ടാണ് പൊലീസ് മുങ്ങി തപ്പിയിട്ടും ഷാജനെ കണ്ടെത്താന്‍ കഴിയാത്തത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കും പരാതി നല്‍കും. സുപ്രിം കോടതി വിധിയില്‍ അനാവശ്യ കാര്യങ്ങള്‍ പറയരുതെന്ന് ഷാജന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും ആക്ഷേപവുമായി രംഗത്തെത്തി.

ഷാജന്‍ സ്‌കറിയയോട് വ്യക്തി വൈരാഗ്യമില്ല. സാമൂഹ്യ വിരോധം മാത്രമാണുള്ളത്. മോശം മാധ്യമ പ്രവര്‍ത്തനത്തിന്റെ ഹെഡ് ഓഫീസാണ് ഷാജന്‍ സ്‌കറിയ. ഷാജനെ പിന്തുടര്‍ന്നാണ് തെറ്റായ മാധ്യമ ശൈലി വന്നത്. അത് പൂട്ടേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണ് എന്നും പി വി അന്‍വര്‍ പറഞ്ഞു.

സംസ്ഥാന പൊലീസ് സേന, മറ്റ് കേന്ദ്ര സേനകള്‍ എന്നിവയുടെ വൈര്‍ലെസ് മെസേജുകള്‍, ഫോണ്‍ സന്ദേശങ്ങള്‍, ഇ-മെയില്‍ എന്നിവ ഹാക്ക് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ മറുനാടന്‍ ഉടമ ഷാജന്‍ സ്‌കറിയയുടെ പക്കലുണ്ടെന്നാണ് പിവി അന്‍വര്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണം. രണ്ട് തവണ സംസ്ഥാന പൊലീസ് സേനയുടെ വൈര്‍ലെസ് മെസേജുകള്‍പുറത്ത് വിട്ടിട്ടുണ്ട് എന്നും ഷാജന്‍ സ്‌കറിയ പറയുന്നുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് ആ വിഡിയോ കണ്ടെത്തേണ്ടതുണ്ട്.

ഷാജന്റെയും കുടുംബത്തിന്റെയും പാര്‍ട്ണര്‍മാരുടെയും അക്കൗണ്ടുകളിലേക്ക് ധാരാളം വിദേശ പണം വന്നിട്ടുണ്ടെന്നത് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്‍പാകെ ഹാജരാകുവാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. ‘രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തില്‍ അതീവ രഹസ്യമായ സര്‍ക്കാര്‍ സവിധാനങ്ങളുടെ കമ്മ്യൂണിക്കേഷന്‍ലകള്‍ ചോര്‍ത്തുന്ന ഇയാളുടെ പാസ്‌പോര്‍ട്ട് പരിശോധിച്ച് വിദേശ ഇടപാടുകളെ കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. ഇയാളും ബന്ധുക്കളും സഹോദരങ്ങളും ഇടയ്ക്കിടെ വിദേശ യാത്രകള്‍ നടത്തുന്നത് ഇത്തരം വഴികളിലൂടെ ചോര്‍ത്തുന്ന മെസ്സേജുകള്‍ മറ്റിടങ്ങളിലേക്ക് കൈമാറാനാണോ എന്നും സംശയിക്കേണ്ടതുണ്ട്’.

‘ഇന്ത്യന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി, മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍, കേരള സംസ്ഥാന മുഖ്യമന്ത്രി ഉള്‍പ്പടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, പ്രമുഖ വ്യവസായികള്‍, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ഇയാള്‍ ഹാക്ക് ചെയ്തതായി ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന വ്യവസായിയും പ്ലാന്ററുമായ മുരുകേഷ് നരേന്ദ്രന്‍ എന്ന വ്യക്തി സാജന്‍ സ്‌കറിയയ്ക്ക് ഇതിനാവശ്യമായ മെഷിനറികള്‍ വാങ്ങുവാന്‍ 50 ലക്ഷം രൂപ നല്കിയിട്ടുള്ളതായാണ് അറിയാന്‍ കഴിഞ്ഞത്. ഇത്തരം സംവിധാനങ്ങള്‍ ഹാക്ക് ചെയ്യുന്ന മെഷീനറികളും പൂണെയിലെ ഏതോ രഹസ്യ കേന്ദ്രത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഇദ്ദേഹത്തിന്റെ സഹോദരന്‍മാരായ ഷാജന്‍ സ്‌കറിയ, സോജന്‍ സ്‌കറിയ എന്നിവരാണ് ഇക്കാര്യങ്ങള്‍ രഹസ്യമായി കൈകാര്യം ചെയ്യുന്നത് എന്നാണറിയാന്‍ കഴിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത് ഷാജന്റെ അടുത്ത സുഹൃത്തും ബിസിനസ് പാര്‍ട്ണറുമായ സുനില്‍ മാത്യു ആണെന്നും പി വി അന്‍വര്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *