ഫൈസൽ ഫരീദിനായി ജാമ്യമില്ലാ വാറണ്ട്; എൻഐഎ കോടതി ഉത്തരവ് ഇൻ്റർപോളിന് കൈമാറും
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനായി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. എൻഐഎ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ഉത്തരവ് ഇൻ്റർപോളിന് കൈമാറും. ദുബായിലുള്ള ഫൈസൽ കേസിലെ മൂന്നാം പ്രതിയാണ്. സരിത്തിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് എൻഐഎ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. സന്ദീപിന്‍റെ ബാഗ് തുറന്ന് പരിശോധിക്കാനും എൻഐഎ അപേക്ഷ നൽകി.
കോടതി വാറണ്ട് പുറപ്പെടുവിക്കുന്നതോടെ ഇന്‍റർപോൾ പ്രതിക്കായി ബ്ലു കോർണർ നോട്ടീസ് പുറപ്പെടുവിച്ച് പ്രതിയുടെ വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറും. ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നതിലൂടെ യുഎഇ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് എൻഐഎ.
യുഎഇയിൽ നിന്ന് നയതന്ത്ര ചാനൽ വഴി കേരളത്തിലേക്ക് സ്വർണ്ണം കടത്തിയ കേസിൽ മൂന്നാം പ്രതി തൃശ്ശൂർ സ്വദേശി ഫൈസൽ ഫരീദാണെന്നും നേരത്തെ എഫ്ഐആറിൽ ചേർത്ത പേരും വിലാസവും തിരുത്തണമെന്നും ആവശ്യപ്പെട്ട് എൻഐഎ നൽകിയ അപേക്ഷ കോടതി ഇന്നലെ അംഗീകരിച്ചിരുന്നു. ഫൈസൽ ഫരീദിനെ ഇന്‍റർപോളിന്‍റെ സഹായത്തോടെ രാജ്യത്ത് എത്തിക്കാനുള്ള ശ്രമം എൻഐഎ തുടങ്ങിയിട്ടുണ്ട്.