Thursday, January 9, 2025
Kerala

അക്രമകാരികളായ നായ്ക്കളെ കൊല്ലാൻ വഴി തേടി സർക്കാർ; ഉത്തരവിറക്കുന്നതിൽ നിയമ സാധുത പരിശോധിക്കുമെന്ന് എം ബി രാജേഷ്

മലപ്പുറം: അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ വഴിതേടി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ഉത്തരവിറക്കുന്നതിൽ സര്‍ക്കാര്‍ നിയമ സാധുത തേടും. നിലവിലെ കേന്ദ്ര ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു. മാധ്യമങ്ങൾ വസ്തുതകൾ പറയാതെ സർക്കാരിനെ കുറ്റപ്പെടുത്തുകയാണെന്നും എം ബി രാജേഷ് ആരോപിച്ചു.

അതേസമയം, തെരുവ് നായയുടെ ആക്രമണത്തിൽ കണ്ണൂരിൽ ഒരു കുട്ടി മരിച്ച സംഭവത്തിന് പിന്നാലെ സമാനമായ രീതിയിൽ കുട്ടിയെ നായ ആക്രമിക്കുന്നതിന്‍റെ വീഡിയോ പുറത്ത് വരുകയാണ്. കണ്ണൂരിൽ തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് മൂന്നര വയസുകാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കണ്ണൂർ മട്ടന്നൂരിനടുത്‌ നീർവേലിയിലാണ് സംഭവം ഉണ്ടായത്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന മൂന്നര വയസുകാരി ആയിശയാണ് തെരുവ് നായകളുടെ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെ പുഴതിയിലും യുകെജി വിദ്യാർത്ഥിയെ തെരുവ് നായകൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.

പുഴാതിയിലെ യുകെജി വിദ്യാർത്ഥി എ പി ഇല്യാസിന് നേരെയാണ് ഇന്നലെ തെരുവ് നായകൾ പാഞ്ഞടുത്തത്. ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറിയതിനാൽ കുട്ടി രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവമുണ്ടായത്. നായകൾ കുഞ്ഞിനെ ഓടിക്കുന്നതും കുട്ടി ഓടി ഗേറ്റ് കടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടി ഓടിക്കയറിയ ബന്ധുവിന്റെ വീട്ടിലുണ്ടായിരുന്ന മറ്റ് കുട്ടികൾ ശബ്ദം വെച്ചതോടെയാണ് നായകൾ മടങ്ങിയതെന്നും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *