Tuesday, April 15, 2025
Kerala

ട്യൂഷൻ കഴിഞ്ഞ് വരവെ തെരുവ് നായ്ക്കൾ ഓടിച്ചു, സൈക്കിൾ പോസ്റ്റിലിടിച്ച് വീണ് 16-കാരന്റെ പല്ലുകൾ കൊഴിഞ്ഞു

തൃശ്ശൂർ: തെരുവുനായ്ക്കൾ ഓടിച്ച് സൈക്കിളിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്ക്. ചിയ്യാരത്തെ ജെറി യാസിന്റെ മകൻ 16 കാരനായ എൻ ഫിനോവിനാണ് പരിക്കേറ്റത്. സൈക്കിളിൽ നിന്നുള്ള വീഴ്ചയുടെ ആഘാതത്തിൽ മൂന്ന് പല്ലുകൾ കൊഴിഞ്ഞു, മുഖത്ത് പരിക്കേറ്റിട്ടുമുണ്ട്.

ട്യൂഷൻ കഴിഞ്ഞ് സുഹൃത്തിനൊപ്പം സൈക്കിളിൽ വരികയായിരുന്നു ഫിനോ. ആക്രമിക്കാനെത്തിയ നായയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൈക്കിൾ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുവീണു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി തുടർ ചികിത്സ നൽകി വരികയാണ്.

അതേസമയം, കണ്ണൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് സ്കൂൾ വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു. പുഴാതിയിലെ യുകെജി വിദ്യാർത്ഥി എ പി ഇല്യാസിന് നേരെയാണ് തെരുവു നായകൾ പാഞ്ഞടുത്തത്. ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറിയതിനാൽ കുട്ടി രക്ഷപ്പെട്ടു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ഏഷ്യാനെറ് ന്യൂസിന് ലഭിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവമുണ്ടായത്.

നായകൾ കുഞ്ഞിനെ ഓടിക്കുന്നതും കുട്ടി ഓടി ഗേറ്റ് കടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടി ഓടിക്കയറിയ ബന്ധുവിന്റെ വീട്ടിലുണ്ടായിരുന്ന മറ്റ് കുട്ടികൾ ശബ്ദം വെച്ചതോടെയാണ് നായകൾ മടങ്ങിയതെന്നും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. തെരുവ് നായയുടെ ആക്രമണത്തിൽ കണ്ണൂരിൽ ഒരു കുട്ടി മരിച്ച സംഭവത്തിന് പിന്നാലെയാണ് സമാന രീതിയിൽ കുട്ടിയെ നായ ഓടിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നത്. കേരളത്തിന്റെ പല ഭാഗത്തുനിന്നും തെരുവുനായ ആക്രമണത്തിന്റെ നിരവധി വാർത്തകളാണ് പുറത്തുവരുന്നത്.

നേരത്തെ, നിഹാൽ നൗഷാദിന്‍റെ ദാരുണ മരണത്തിന് പിന്നാലെ തെരുവുനായ ശല്യത്തിൽ നിന്ന് സംരക്ഷണം തേടി കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്തിലേക്ക് വീട്ടമ്മമാർ മാർച്ച് നടത്തിയിരുന്നു. അക്രമകാരികളായ തെരുവ് നായകളെ തുരത്താനും സ്കൂൾ കുട്ടികൾക്ക് സംരക്ഷണമൊരുക്കാനുമാണ് പ്രദേശത്തെ നാട്ടുകാർ ഇന്ന് തെരുവിലിറങ്ങിയത്. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി തേടി സുപ്രിംകോടതിയെ സമീപിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നു.

­

Leave a Reply

Your email address will not be published. Required fields are marked *