Thursday, January 23, 2025
Kerala

കോഴിക്കോട്ട് കുട്ടിക്ക് നേരെ കുതിച്ചുചാടി തെരുവ് നായ, വീണപ്പോൾ കടിച്ചു വലിച്ചു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ജയസൂര്യനാണ് നായയുടെ കടിയേറ്റത്. സഹോദരനോടൊപ്പം കടയിൽ പോയി മടങ്ങിവരും വഴിയായിരുന്നു തെരുവുനായ ആക്രമിച്ചത്. തുടയിൽ കടിയേറ്റ കുട്ടിയെ നാദാപുരം ആശുപത്രിയിലെത്തിച്ച് വാക്സിന്‍ നല്‍കി.

കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്ത് പഞ്ചായത്ത് അംഗത്തെ ഇന്നലെ തെരുവുനായ കടിച്ചു. ഉമ്മന്നൂർ പഞ്ചായത്തിലെ നെല്ലിക്കുന്നം വാർഡ് മെമ്പറായ ആർ ശ്രീജിത്തിനാണ് തെരുവ് നായയുടെ കടിയേറ്റത്.  ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സംഭവം. പരിക്കേറ്റ ശ്രീജിത്ത് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്താകെ നിരവധി പേർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. കണ്ണൂർ തളിപ്പറമ്പിൽ മധ്യവയസ്കയുടെ കൈപ്പത്തിക്ക് കടിയേറ്റു. അട്ടപ്പാട്ടി ഷോളയൂരിൽ മൂന്ന് വയസ്സുകാരനെ തിരുവോണ ദിവസമാണ് തെരുവ് നായ ആക്രമിച്ചത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിൻ്റെ  മുഖത്തടക്കം കടിയേറ്റു. കോട്ടത്തറ  ട്രൈബൽ സ്പെഷ്യാലിറ്റി  ആശുപത്രിയിൽ ചികിത്സയിലാണ്. 

വയനാട്ടിൽ ജോലി കഴിഞ്ഞു മടങ്ങിയ  കർഷകനേയും ആടിനെ മേയ്ക്കാൻ പോയ  വിദ്യാർത്ഥിനിയെയും തെരുവുനായ  ആക്രമിച്ചു. മാടത്തുംപാറ കോളനിയിലെ പതിനാലുകാരി  സുമിത്രയ്ക്കാണ് മുഖത്ത് ഗുരുതരമായി കടിയേറ്റത്. തെരുവ് നായ ശല്യം രൂക്ഷമായ കണ്ണൂർ ജില്ലയിൽ ജില്ല പഞ്ചായത്ത് അടിയന്തിര യോഗം വിളിച്ചു. വരുന്ന ബുധനാഴ്ചയാണ് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെ യോഗം ചേരുന്നത്.

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും ഗുരുതരമായ സ്ഥിതിയാണ് നിലവിലുള്ളതെന്നും സമ്മതിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഇന്ന് മുഖ്യമന്ത്രിയുമായി വിഷയത്തിൽ കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം തെരുവ് നായ പ്രശ്നം പരിഹരിക്കാൻ കർമ പദ്ധതി രൂപീകരിക്കാനാണ് വകുപ്പ് ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *