തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ; 263 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് 263 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തീരദേശത്ത് പൊഴിയൂരിലടക്കം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റിത്തുടങ്ങി. പൊഴിയൂരില്‍ 13 വീടുകള്‍ കടലാക്രമണത്തില്‍ തകര്‍ന്നു.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നെയ്യാര്‍ ഡാമിലെ നാല് ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ ഉയര്‍ത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. കിള്ളിയാറും കരമനയാറും കരകവിഞ്ഞു ഒഴുകുകയാണ്. നെയ്യാറ്റിന്‍കരയില്‍ വെള്ളം കയറി വന്‍ കൃഷിനാശം സംഭവിച്ചു. ധര്‍മ്മമുടുമ്പ്, കാലടിക്കടുത്ത പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ശംഖുമുഖം ഉള്‍പ്പെടെയുള്ള മേഖലകളില്‍ അതിശക്തമായ കാറ്റ് വീശുകയും ചെയ്തു.
അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ ജില്ലയില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം രാത്രി തന്നെ മൈക്ക് അനൗണ്‍സ്‌മെന്റുകള്‍ നല്‍കുകയും പ്രധാനപ്പെട്ട ഡാമുകളുടെ സ്ഥിതിഗതികള്‍ നേരിട്ട് കണ്ട് വിലയിരുത്തുകയും ചെയ്തിരുന്നു.