Saturday, October 19, 2024
Kerala

കനത്ത മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

 

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവിലുള്ള 30 സെന്റി മീറ്ററില്‍ നിന്ന് 100 സെന്റി മീറ്ററിലേക്ക് ഉയര്‍ത്തുമെന്നാണ് കളക്ടര്‍ അറിയിച്ചിരിക്കുന്നത്. 20 സെന്റി മീറ്റര്‍ വീതം ഘട്ടംഘട്ടമായാകും ഉയര്‍ത്തുക. നിലവില്‍ ഉയര്‍ത്തിയിട്ടുള്ള മൂന്നാമത്തെ ഷട്ടര്‍ 60 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തിയ ശേഷമാകും രണ്ടാം ഷട്ടര്‍ ഉയര്‍ത്തുകയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ എല്ലാ ജാഗ്രതാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മറാന്‍ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. അതിനാല്‍ തീരപ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അറിയിച്ചിട്ടുണ്ട്.

ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, നദീ തീരങ്ങളിലുള്ളവര്‍, മലയോര പ്രദേശങ്ങളിലുള്ളവര്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ മേഖലയിലുള്ളവര്‍ തുടങ്ങിയവരും പ്രത്യേക ജാഗ്രത പുലര്‍ത്തണം. ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയുടെ തീരപ്രദേശത്തുനിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കടലില്‍ പോകുന്നത് നിരോധിച്ചിരിക്കുകയാണ്. തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.