അമിത്ഷായുടെ പ്രസ്താവന കേരള ജനതയെ അപമാനിക്കുന്നത്; സിപിഐഎം
ബദൽ നയങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന കേരളത്തോടുള്ള പ്രതികാരമാണ് കേന്ദ്ര മന്ത്രിമാരുടെ പ്രസ്‌താവനകളെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്. ഇന്ന് പുറത്തിറക്കിയ വാർത്ത കുറിപ്പിലാണ് പാർട്ടി ഈ കാര്യം അറിയിച്ചത്.
കർണ്ണാടകയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ തൊട്ടടുത്ത് കേരളമുണ്ട് സൂക്ഷിക്കണമെന്ന പ്രസ്‌താവന നടത്തിയത്. ഇത് കേരള ജനതയെ മുഴുവൻ അപമാനിക്കുന്നതാണ്. വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം, അധികാര വികേന്ദ്രീകരണം, ജീവിത സൂചികകൾ എന്നിവയിലെല്ലാം മുന്നിൽ നിൽക്കുന്നതാണോ കേരളത്തിന്റെ കുറവെന്ന് അമിത്‌ഷാ വ്യക്തമാക്കണം. രാജ്യവ്യാപകമായി സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗമായി ന്യൂനപക്ഷങ്ങൾ അക്രമിക്കപ്പെടുമ്പോൾ മതനിരപേക്ഷത ഉയർത്തിപ്പിടിച്ചുകൊണ്ട് കേരളം മുന്നോട്ടുപോകുന്നതുക്കോണ്ടാണോ ഈ പ്രസ്‌താവന നടത്തിയത് എന്നതും വ്യക്തമാക്കേണ്ടതുണ്ട് എന്ന് വാർത്താകുറിപ്പിൽ അറിയിച്ചു.
ബദൽ സാമ്പത്തിക നയങ്ങളുയർത്തി സംസ്ഥാന സർക്കാർ മുന്നോട്ടുപോവുകയാണ്. ഇതിനെ തടയാൻ സാമ്പത്തികമായി കേരളത്തെ ഞെക്കിക്കൊല്ലാനുള്ള നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരികുന്നത്. ഈ നയത്തിന് ന്യായീകരണമൊരുക്കുകയാണ് കേന്ദ്ര ധനകാര്യമന്ത്രി ചെയ്‌തിട്ടുള്ളത്. കേരളത്തിന് അർഹതപ്പെട്ട വിഭവങ്ങൾ നൽക്കുന്നില്ല. എന്നിട്ട് വസ്‌തുതാ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും ശ്രമിക്കുകയാണ്. ജി.എസ്.ടിയുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും കൃത്യമായി കേരളം സമർപ്പിക്കുന്നുണ്ട് ഇക്കാര്യം കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തമ്മിലുളള കത്തിടപാടുകൾ വ്യക്തമാക്കുണ്ടെന്ന് സിപിഐഎം വ്യക്തമാക്കി.
ഓഡിറ്റുകളെല്ലാം നടത്തുന്നത് കേന്ദ്ര ഏജൻസിയാണെന്നിരിക്കെ സംസ്ഥാന സർക്കാരിനെ പഴിചാരുന്നതിനുള്ള ശ്രമങ്ങൾ തുറന്നുകാട്ടേണ്ടതുണ്ട്. കിഫ്‌ബി പോലുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് കടമെടുക്കുന്നത് പോലും കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്റെ കണക്കിൽപ്പെടുത്തിയിരിക്കുകയാണ്. സാമുഹിക ക്ഷേമ പെൻഷൻ നൽകുന്നതിന് രൂപീകരിച്ച കമ്പനിക്ക് പോലും തടസം സൃഷ്‌ടിക്കുന്ന നടപടിയാണ് ഇതിലൂടെ മുന്നോട്ട്‌വെയ്‌ക്കുന്നത്. 40000ത്തോളം കോടി രൂപയുടെ കുറവാണ് കേന്ദ്ര ഇടപെടലിലുടെ കേരളത്തിന് നഷ്‌ടമായതെന്ന് വാർത്താകുറിപ്പിൽ ആരോപണമുണ്ട്.
തൊഴിലുറപ്പ് പദ്ധതിപോലുള്ള എല്ലാ വിധ ക്ഷേമ പദ്ധതികളെയും അട്ടിമറിക്കാൻ പുറപ്പെട്ടതിന്റെ ഭാഗമാണ് ഈ നടപടികൾ. കേന്ദ്രത്തിന് ഇഷ്‌ടം പോലെ കടമെടുക്കുന്നതിന് തടസമില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് പോലും കടമെടുക്കാൻ പാടിലെന്ന നിലപാട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇത്തരത്തിൽ സംസ്ഥാനങ്ങളുടെ വികസന സാധ്യതകളെ തകർക്കാൻ ഇറങ്ങിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കേരളത്തിന് അർഹമായ നികുതി വിഹിതം നൽകണമെന്ന കേരളത്തിന്റെ ആവശ്യവും പരിഗണിക്കുക എന്നതും പ്രധാനമാണ്. ജി.എസ്.ടി നഷ്ടപരിഹാരം അഞ്ച് വർഷം കൂടി നൽകണമെന്ന സംസ്ഥാന സർക്കാരുകളുടെ ആവശ്യം നിലവിലുണ്ട്. അവ പരിഗണിക്കുന്നതിന് പകരം തെറ്റായ ന്യായവാദങ്ങളുമായാണ് കേന്ദ്ര ധനമന്ത്രി രംഗത്തിറങ്ങിയിരിക്കുന്നത്. കേരളത്തിനെതിരെയുള്ള ഈ പ്രസ്‌താവനകളെ കുറിച്ച് യു ഡി എഫ് നിലപാട് വ്യക്തമാകണം. കേരളത്തിന്റെ പുരോഗതി തകർക്കുന്നതിന് ഒരുങ്ങിപുറപ്പെട്ട സംഘപരിവാറിന്റെ നീക്കങ്ങൾ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.