Monday, January 6, 2025
Kerala

ഗവര്‍ണറുടെ നിര്‍ദ്ദേശം വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള അജണ്ടയുടെ ഭാഗം: സിപിഐഎം

കേളത്തിലെ സര്‍വകലാശാലകളിലെ 9 വൈസ്‌ ചാന്‍സിലര്‍മാരോട്‌ രാജിവയ്ക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യ ലംഘനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള അജണ്ടകളാണ്‌ സംഘപരിവാര്‍ രാജ്യത്ത്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും പ്രസ്‌താവനയില്‍ പറഞ്ഞു.

സംസ്ഥാനത്ത്‌ നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കനുസൃതമായാണ്‌ വൈസ്‌ ചാന്‍സിലര്‍മാരെ നിയമിച്ചിട്ടുള്ളത്‌. സര്‍ക്കാർ 3 വിദ്യാഭ്യാസ കമ്മീഷനുകളെ നിയമിച്ചുകൊണ്ട്‌ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലുയര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ സര്‍വ്വകലാശാല വൈസ്‌ ചാന്‍സിലര്‍മാരെ സ്ഥാനത്ത്‌ നിന്നും മാറ്റുവാനുള്ള ഗവര്‍ണറുടെ നടപടി ഉന്നതവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്‌.

കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പൊതു നയത്തിന്റെ ഭാഗം കൂടിയാണിത്‌. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള അജണ്ടകളാണ്‌ സംഘപരിവാര്‍ രാജ്യത്ത്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌. ഇതിനെതിരെയുള്ള കേരളത്തിന്റെ ചെറുത്തുനില്‍പ്പ്‌ അട്ടിമറിക്കുവാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയാണ്‌ ഗവര്‍ണറിലൂടെ പുറത്ത്‌ വന്നിരിക്കുന്നത്‌. ഇത്തരം അജണ്ടകള്‍ കേരള ജനത ചെറുത്തു തോല്‍പ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *