Sunday, April 13, 2025
Kerala

നിർബന്ധിച്ച് ഗര്‍ഭഛിദ്രം, ആത്മഹത്യ ചെയ്താല്‍ കാരണം അർജുൻ ആയങ്കിയും കുടുംബവും; ആരോപണവുമായി ഭാര്യ

അര്‍ജുന്‍ ആയങ്കിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല. താന്‍ ആത്മഹത്യ ചെയ്താല്‍ അതിന് കാരണം അര്‍ജുനും കുടുംബവുമാണ്. ക്രൂര പീഡനമാണ് നേരിടുന്നനത്, വിവാഹത്തിന് മുമ്പ് നിർബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും ആരോപണം. ഫേസ്ബുക്ക് ലൈവിലൂടെയാണ് അമലയുടെ വെളിപ്പെടുത്തൽ.

അമലയുടെ വാക്കുകൾ…
“2019 ഓഗസ്റ്റിലാണ് അര്‍ജുന്‍ ആയങ്കിയുമായി പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി. പ്രണയത്തിലാകുന്ന സമയത്ത് അര്‍ജുന്‍ ആയങ്കിയുടെ കൈയില്‍ ഒരുരൂപപോലും ഉണ്ടായിരുന്നില്ല. ആത്മാര്‍ഥമായ പ്രണയമാണെന്നാണ് വിശ്വസിച്ചത്. അയാള്‍ക്ക് ഹെഡ്‌സെറ്റ് പോലും വാങ്ങിനല്‍കിയത് താനാണ്. പലതവണ പണം നല്‍കി സഹായിച്ചിട്ടുണ്ട്. കാശിന് വേണ്ടിയാണ് സ്‌നേഹം കാണിക്കുന്നതെന്ന് അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് പോലും പറഞ്ഞിട്ടും വിശ്വസിച്ചിട്ടില്ല. ഇനി വിശ്വസിക്കുന്നുമില്ല.

ഒന്നരവര്‍ഷം കഴിഞ്ഞ് 2021 ഏപ്രില്‍ എട്ടിനായിരുന്നു കല്യാണം. എന്നാല്‍ 2020 ജൂണില്‍, വിവാഹത്തിന് മുന്‍പ് തന്നെ കണ്ണൂരിലേക്ക് കൊണ്ടുവന്നിരുന്നു. വിവാഹത്തിന് മുന്‍പ് നാലുമാസത്തോളം ഒരുമിച്ച് താമസിച്ചു. ഇതിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി. പിന്നീടാണ് വിവാഹം കഴിഞ്ഞത്. ഒരിക്കല്‍ അര്‍ജുനൊപ്പം സിനിമ കാണാന്‍ പോയി. എന്നാല്‍ രാത്രി വീട്ടില്‍ മടങ്ങിയെത്തിയതിന് ശേഷം അര്‍ജുന്‍ വീണ്ടും പുറത്തുപോയി.

രാത്രി എട്ടുമണിക്ക് പോയിട്ട് പിറ്റേദിവസം ഒമ്പതുമണിക്കാണ് വന്നത്. കൈയില്‍ ബിയറൊക്കെ ഉണ്ടായിരുന്നു. അത് ഞാന്‍ ഫ്രിഡ്ജില്‍വെച്ചു. കഴുത്തില്‍ ഉമ്മവെച്ചത് പോലെയുള്ള പാടുണ്ടായിരുന്നു. ചോദിച്ചപ്പോള്‍ കുഴല്‍പണവുമായി ബന്ധപ്പെട്ട ഇടപാടിന് പോയതാണെന്ന് പറഞ്ഞു. സ്വര്‍ണക്കടത്തിനെക്കുറിച്ചും കുഴല്‍പ്പണത്തെക്കുറിച്ചുമെല്ലാം അര്‍ജുന്‍ ആയങ്കി പറഞ്ഞിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ തന്നെ പലരും മോശമാക്കി ചിത്രീകരിച്ചു. എന്നാൽ ഭര്‍ത്താവിനെ തള്ളിപറഞ്ഞില്ല. അര്‍ജുന്‍ ആയങ്കിക്കെതിരേ മൊഴി കൊടുത്തിട്ടുമില്ല. കേസിനും ജാമ്യത്തിനുമെല്ലാം കൂടെനിന്നു. കേസിന്റെ എല്ലാകാര്യങ്ങളും നോക്കിയത് ഞാനാണ്.”

Leave a Reply

Your email address will not be published. Required fields are marked *