കോട്ടയം മെഡിക്കല്‍ കോളേജില്‍ ആശങ്ക; രണ്ട് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കോവിഡ്
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ച് പേര്‍ക്ക് കോവിഡ്. ഗൈനോക്കോളജി വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഗര്‍ഭിണികളാണ്.
മെഡിക്കല്‍ കോളേജിലെ ജി 7, ജി 8 വാര്‍ഡുകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് ഈ വാര്‍ഡുകളിലുണ്ടായിരുന്ന മറ്റു മുഴുവന്‍ രോഗികളേക്കും മാറ്റി പാര്‍പ്പിച്ചു. രോഗികളുമായി സമ്പര്‍ക്കത്തിലുള്ള ഡോക്ടര്‍മാരുടേും നഴ്‌സുമാരുടേയും സമ്പര്‍ക്കപ്പട്ടിക ഇന്ന് തയ്യാറാക്കും.
നിലവില്‍ മെഡിക്കല്‍ കോളേജിലെ 16 ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്. നേരത്തെ തിരുവനന്തപുരം മെഡി. കോളേജിലെ പിജി ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒരു നഴ്‌സിനും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. 720 പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
584 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 17 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞ ദിവസം കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.