Thursday, January 9, 2025
Kerala

പി.വി ശ്രീനിജിനെതിരെ ജാതി അധിക്ഷേപം നടത്തിയ കേസ്; സാബു എം.ജേക്കബിന്റെ ഹര്‍ജി ഹൈക്കോടതിയില്‍

കുന്നത്തുനാട് എം.എല്‍.എ പി.വി.ശ്രീനിജിനെതിരെ ജാതി അധിക്ഷേപം നടത്തിയ കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു. എം. ജേക്കബ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും, സംഭവദിവസം സ്ഥലത്തുപോലും ഉണ്ടായിരുന്നില്ലെന്നുമാണ് സാബു.എം.ജേക്കബിന്റെ വാദം.

പി.വി.ശ്രീനിജിന്‍ എംഎല്‍എയുമായുള്ളത് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമാണെന്നും സാബു ജേക്കബ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരമുള്ള വകുപ്പ് നിലനില്‍ക്കില്ലെന്നും ഹര്‍ജിയിലുണ്ട്. ജസ്റ്റിസ് എ.ബദറുദ്ദീന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക.

എംഎല്‍എയുടെ പരാതിയില്‍ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് കേസെടുത്തത്. ഐക്കരനാട് കൃഷിഭവന്‍ സംഘടിപ്പിച്ച കാര്‍ഷിക ദിനാചരണത്തില്‍ ഉദ്ഘാടകനായി എത്തിയ എംഎല്‍എയെ ജാതീയമായി അപമാനിച്ചു എന്നായിരുന്നു പരാതി. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് ആണ് രണ്ടാം പ്രതി. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെ കേസില്‍ ആകെ ആറ് പ്രതികള്‍ ആണ് ഉള്ളത്.

ട്വന്റി ട്വന്റിയെ നശിപ്പിക്കാനാണ് ശ്രീനിജിന്‍ എംഎല്‍എയുടെ ശ്രമമെന്ന് സാബു എം.ജേക്കബ് ആരോപിച്ചിരുന്നു. ഓഗസ്റ്റ് ഏട്ടിന് നടന്നു എന്ന് പറയുന്ന സംഭവത്തില്‍ കേസ് എടുത്തത് ഡിസംബര്‍ എട്ടിനാണ്. വീണു കിട്ടിയ അവസരം കമ്പനിയെ ഇല്ലാതാക്കാന്‍ ഉപയോഗിക്കുകയാണെന്നും സാബു ജേക്കബ് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *