ഒമിക്രോൺ: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, രോഗിയുടെ സമ്പർക്ക പട്ടിക പരിമിതമാണെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രോഗിയുടെ ഭാര്യയുടേയും ഭാര്യാമാതാവിന്റേയും സാമ്പിളുകൾ വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിച്ചിട്ടില്ല. രോഗിയുടെ പ്രാദേശികമായ സമ്പർക്കപ്പട്ടിക പരിമിതമാണ്. വിമാനത്തിൽ രോഗിയുടെ അടുത്ത സീറ്റുകളിലിരുന്ന് യാത്ര ചെയ്തവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
യുകെയിൽ നിന്നും വന്ന എറണാകുളം സ്വദേശിയായ യാത്രക്കാരനാണ് ഒമിക്രോൺ പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. വിമാനത്താവളത്തിൽ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാൽ അടുത്ത ദിവസം അദ്ദേഹത്തിന് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. അതിന് ശേഷം സാമ്പിൾ ജനിതക പരിശോധനയ്ക്ക് അയച്ചിരുന്നു. അതിലാണ് ഒമിക്രോൺ പോസിറ്റീവ് സ്ഥിരീകരിച്ചത്.