പോരുവഴി മലനട ദുര്യോധനക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ചത് 101 കുപ്പി കള്ള്
കൊല്ലം പോരുവഴി പെരുവരുത്തി മലനട ദുര്യോധനക്ഷേത്രത്തിലെ നിറപറവഴിപാടിനൊപ്പം ഷാപ്പ് ജീവനക്കാർ സമർപ്പിച്ചത് 101 കുപ്പി കള്ള്. നേരത്തെ 101 കുപ്പി വിദേശമദ്യം ക്ഷേത്രത്തിൽ കാണിക്കവെച്ച് വാർത്തയിൽ ഇടംനേടിയിരുന്നു.
ദക്ഷിണേന്ത്യയിലെ ഏക ദുര്യോദന ക്ഷേത്രമായ പോരുവഴി പെരുവരുത്തി മലനട ക്ഷേത്രത്തിലാണ് ഭക്തർ കാണിക്കയായി 101 കുപ്പി കള്ള് സമർപ്പിച്ചത്.12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന പള്ളിപ്പാനയെന്ന ചടങ്ങിന്റെ നടന്നുവരുന്ന പറയടിയിലാണ് നേർച്ചയായി കള്ള് നൽകിയത്.
ക്ഷേത്രത്തിന്റെ ഭാഗമായ ഇടയ്ക്കാടു കരയിലെ ഒരു ഷാപ്പിലെ ജീവനക്കാരാണ് നേർച്ചയായി സമർപ്പിച്ചത്. ഇന്നും ദ്രാവിഡ ആചാരം നിലനിന്നുപോരുന്ന ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് കലശം എന്നറിയപ്പെടുന്ന കള്ള്. ക്ഷേത്രത്തിലെത്തുന്ന ഭക്തരും കള്ളും വെറ്റിലയും പുകയിലയുമടങ്ങുന്ന അടുക്കാണ് വഴിപാടായി സമർപ്പിക്കുന്നത്. അടുത്തകാലത്ത് 101 കുപ്പി വിദേശമദ്യം ക്ഷേത്രത്തിൽ കാണിക്കവെച്ചതും വാർത്തകളിൽ ഇടംനേടിയിരുന്നു.