മൂര്‍ഖന്റെ കടിയേറ്റാല്‍ പരമാവധി നല്‍കാറ് 25 കുപ്പി ആന്റിവെനം, വാവ സുരേഷിന് കൊടുത്തത് 65 കുപ്പി
കോട്ടയം:പാമ്പ് കടിയേറ്റ വാവ സുരേഷിന് ചികിത്സാ വേളയില്‍ നല്‍കിയത് 65 കുപ്പി ആന്റിവെനം. ആദ്യമായിട്ടാണ് കോട്ടയം മെഡിക്കല്‍ കോളേജ് പാമ്പ് കടിയേറ്റ ഒരാള്‍ക്ക് ഇത്രയധികം അന്റിവെനം നല്‍കുന്നത്.സാധാരണയായി മൂര്‍ഖന്റെ കടിയേറ്റാല്‍ പരമാവധി 25 കുപ്പിയാണ് നല്‍കാറ്.
വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതി കാണാത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ ഡോസ് ആന്റിവെനം നല്‍കിയത്. ശരീരത്തില്‍ പാമ്പിന്റെ വിഷം കൂടുതല്‍ പ്രവേശിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യം സാധാരണ നിലയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. പാമ്പ്കടിയേറ്റ ഭാഗത്തെ മുറിവ് ഉണങ്ങാന്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നുണ്ട്. നാളെ ആശുപത്രി വിട്ടേക്കും.
കോട്ടയം കുറിച്ചിയില്‍ വച്ചാണ് വാവ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റത്. പാമ്പിനെ പിടികൂടുന്നതിനിടയില്‍ തുടയില്‍ കടിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ അദ്ദേഹം കുറച്ച് ദിവസം വെന്റിലേറ്ററിലായിരുന്നു.