ഇടുക്കിയിൽ കേഴ മാനെ പിടിച്ച് കറിവച്ചു; സൂര്യനെല്ലി സ്വദേശി അറസ്റ്റിൽ
ഇടുക്കി ചിന്നക്കനാലിൽ കേഴ മാനെ പിടിച്ച് കറിവച്ച നാൽപ്പതിമൂന്ന് കാരൻ പിടിയിൽ. സൂര്യനെല്ലി സ്വദേശി മാരിമുത്തുവാണ് വനംവകുപ്പിന്റെ പിടിയിലായത്.
ചിന്നക്കനാലിന് സമീപം വനമേഖലയോട് ചേർന്നാണ് കേഴ മാനെ കുരുക്ക് വച്ച് പിടികൂടിയത്. കേഴ മാനിന്റെ തോലും അവശിഷ്ടങ്ങളും സമീപത്തെ തോട്ടിലൂടെ ഒഴുക്കിവിട്ട ശേഷം ഇറച്ചി വീട്ടിൽ കൊണ്ടുപോയി കറിവയ്ക്കുകയായിരുന്നു. എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കേഴ മാനെ കറിവച്ചതായി കണ്ടെത്തുകയായിരുന്നു.
തുടർന്ന് അറസ്റ്റിലായ പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.