ശബരിമലയില്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞിട്ടില്ല; വിശദീകരണവുമായി ജി സുധാകരന്‍
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ കുറിച്ച് പറഞ്ഞ പ്രസ്താവനയില്‍ വിശദീകരണവുമായി മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. ശബരിമലയില്‍ 50 വയസ് കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് സുധാകരന്റെ പ്രതികരണം. യുവതീ പ്രവേശം വിലക്കിയ ചട്ടം സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്.
താന്‍ മന്ത്രിയായിരുന്നപ്പോള്‍ ദേവസ്വം ബോര്‍ഡില്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കിയിട്ടുണ്ട്. 60 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്കാണ് നിയമനമെന്ന ചട്ടം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നും ജി സുധാകരന്‍ പ്രതികരിച്ചു.
50 വയസ് കഴിഞ്ഞ സ്ത്രീകളേ ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ കയറാവൂ എന്ന് ജി സുധാകരന്‍ പറഞ്ഞിരുന്നു. ജ്യോതിഷ താന്ത്രിക വേദി സംസ്ഥാന വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സിപിഐഎം നേതാവിന്റെ പ്രസ്താവന. ഇത് വാര്‍ത്തയായി പുറത്തുവന്നതോടെയാണ് വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തുവന്നത്.
ഈ ലോകത്ത് അജ്ഞാതവും ജ്ഞാതവുമായി കാര്യങ്ങളുണ്ട്. അതില്‍ അജ്ഞാതമായവ നിലനില്‍ക്കുന്നിടത്തോളം കാലം ജ്യോതിഷത്തിന് പ്രസക്തിയുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.