ഉത്ര വധക്കേസ്; പ്രതിക്ക് വധശിക്ഷ നൽകണമായിരുന്നു: ജസ്റ്റിസ് കെമാൽ പാഷ
അപൂർവ്വങ്ങളിൽ അപൂർവ്വമായി കോടതി നിരീക്ഷണം നടത്തിയ ഉത്ര വധക്കേസിൽ പ്രതിക്ക് വധശിക്ഷ നൽകണമായിരുന്നെന്ന് മുൻ ഹൈക്കോടതി ജസ്റ്റിസ് കെമാൽ പാഷ. പ്രതിയുടെ പ്രായവും മുൻകാല ചരിത്രവും പരിഗണിച്ചത് കോടതിയുടെ തെറ്റായ നിരീക്ഷണമാണമെന്നും ജസ്റ്റിസ് കെമാൽ പാഷ പ്രതികരിച്ചു.
പ്രതിയുടെ കുടുംബത്തിനും കേസിൽ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പൊലീസ് അന്വേഷണ സമയത്ത് കുഴിച്ചിട്ട ആഭരണങ്ങൾ പ്രതിയുടെ അച്ഛൻ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതാണ്. എന്നിട്ടും പ്രതിയുടെ പിതാവിനെതിരെ തെളിവുനശിപ്പിക്കലിന് കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഈ കേസിന് വധശിക്ഷ കൊടുത്തില്ലെങ്കിൽ മറ്റേത് കേസിനാട് കൊടുക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാൽ കൊല്ലപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്തിയല്ല നിയമവ്യവസ്ഥയിൽ ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവും എന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ പറഞ്ഞു. കൊലയ്ക്ക് എല്ലായ്‌പ്പോഴും പരിഹാരം നിയമപരമായ കൊലയല്ല എന്നും ഹരീഷ് അഭിപ്രായപ്പെട്ടു. സുഖജീവിതത്തിനായി കുറ്റം ചെയ്ത ഒരു കുറ്റവാളി. ഓരോ നിമിഷവും ചെയ്ത തെറ്റിനെയോർത്ത് പശ്ചാത്തപിക്കുന്ന, അതിന്റെ ശിക്ഷയനുഭവിക്കുന്ന വേളയിൽ “ഇതിലും ഭേദം മരണമായിരുന്നു” എന്നു ചിന്തിക്കുന്ന കുറ്റവാളിയാണ് ശിക്ഷയുടെ ഫലമെന്നും ഹരീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.