ശരീരത്തിനകത്ത് ക്യാപ്സ്യൂള്‍ രൂപത്തില്‍ സ്വർണം; കോഴിക്കോട് സ്വദേശി പിടിയിൽ
കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 995 ഗ്രാം സ്വർണം പൊലീസ് പിടികൂടി. ജിദ്ദയിൽ നിന്ന് എത്തിയ കോഴിക്കോട് മുക്കം സ്വദേശി അബ്ദുൾ ഗഫൂർ (32) ആണ് പിടിയിലായത്. ശരീരത്തിനകത്ത് ക്യാപ്സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം മിശ്രിതം കടത്താൻ ശ്രമിച്ചത്. സ്വർണത്തിന് വിപണിയിൽ 50 ലക്ഷം രൂപ വില വരുമെന്ന് പൊലീസ് അറിയിച്ചു.
ദുബായില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ എത്തിയ യാത്രക്കാരനില്‍ നിന്നും 42 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. മണ്ണാര്‍ക്കാട് സ്വദേശിയായ യാത്രക്കാരന്‍ നാല് ക്യാപ്‌സൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 919 ഗ്രാം തനി തങ്കമാണ് കസ്റ്റംസ് പിടികൂടിയത്. ബാഗേജ് പരിശോധനയ്ക്ക് ശേഷം സ്‌കാനറിലൂടെയുള്ള പരിശോധനയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്നാണ് യാത്രക്കാരനെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയത്.
തുടര്‍ന്ന് മലദ്വാരത്തില്‍ ഒളിപ്പിച്ച നാല് ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തി പുറത്തെടുക്കുകയായിരുന്നു. യാത്രക്കാരനില്‍ നിന്നും തങ്കം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയ ആളെയും കസ്റ്റംസ് പിടികൂടിയതായും കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതായും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.