Saturday, April 12, 2025
Kerala

നടന്‍ റിസബാവ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നടന്‍ റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡോ.പശുപതി എന്ന ചിത്രത്തിലൂടെ നായകനായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച റിസബാവ വില്ലന്‍വേഷങ്ങളിലൂടെയാണ് തിളങ്ങിയത്.

1966 സെപ്റ്റംബർ 24 ന് കൊച്ചിയിൽ ജനിച്ചു. തോപ്പുംപടി സെന്‍റ്. സെബാസ്റ്റ്യൻ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാടകവേദികളിലൂടെയാണ് സിനിമാരംഗത്ത് പ്രവേശിച്ചത്. 1984ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. പിന്നീട് 1990ൽ റിലീസായ ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 1990-ൽ തന്നെ റിലീസായ ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ വില്ലൻ വേഷം ചെയ്തതോടെയാണ്. ആ സിനിമയിൽ റിസബാവ അവതരിപ്പിച്ച ജോൺ ഹോനായി എന്ന വില്ലൻ വേഷം പ്രേക്ഷകരുടെ പ്രശംസ നേടി.

പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും റിസബാവ സജീവമാണ്. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അഭിനയിച്ചു. അഭിനയം കൂടാതെ സിനിമകളിൽ ഡബ്ബിംഗും ചെയ്തു. മലയാളത്തിൽ ഇതുവരെ 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചു. കര്‍മ്മയോഗി  എന്ന ചിത്രത്തിലെ ഡബ്ബിംഗിന് മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരവും റിസബാവക്ക് ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *