കൊവിഡ് ബാധിത ആംബുലൻസിൽ പ്രസവിച്ചു; ശുശ്രൂഷിച്ച ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് മന്ത്രി കെ കെ ശൈലജ
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലൻസിൽ കൊവിഡ് ബാധിതയായ യുവതിക്ക് സുഖപ്രസവം. കാസർകോട് ഉപ്പള സ്വദേശിനിയാണ് ആംബുലൻസിൽ വെച്ച് പ്രസവിച്ചത്. കുട്ടിയും അമ്മയും സുഖമായിരിക്കുന്നതായി പരിയാരം മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു
കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയുടെ നില വഷളായതോടെയാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. എന്നാൽ യാത്രാമധ്യേ യുവതിയുടെ നില തീർത്തും വഷളായി. ഇതോടെ ആംബുലൻസ് വഴിയോരത്ത് നിർത്തുകയും ജീവനക്കാരുടെ സഹായത്തോടെ യുവതി കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. കുട്ടിക്കും അമ്മക്കും പ്രഥമ ശുശ്രൂഷ നൽകിയതിന് പിന്നാലെ പരിയാരം മെഡിക്കൽ കോളജിലേക്ക് ജീവനക്കാർ എത്തിക്കുകയും ചെയ്തു
ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ റോബിൻ ജോസഫ്, ഡ്രൈവർ ആനന്ദ് ജോൺ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൽ എസ് ശ്രീജ എന്നിവരെ ആരോഗ്യമന്ത്രി കെ കെ ശൈലജ അഭിനന്ദിച്ചു. ഇവരുടെ സേവനം മാതൃകാപരമാണെന്ന് മന്ത്രി അറിയിച്ചു. ജീവനക്കാർ പിപിഇ കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാണ് പ്രസവ ശുശ്രൂഷ നൽകിയത്