Sunday, April 13, 2025
Kerala

സംസ്ഥാനത്തെ ആംബുലൻസ് സേവനങ്ങൾ മെച്ചപ്പെടുത്തും: ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്തെ ആംബുലൻസുകളുടെ സേവനം മെച്ചപ്പെടുത്തുമെന്ന് ഗതാഗത വകുപ്പ്. ആംബുലൻസുകളുടെ സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കും. അതിനായി പുതിയ മാനദണ്ഡങ്ങൾ ആവിഷ്‌കരിക്കാനും ഐഎംഎയുമായി സഹകരിച്ച് ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകാനും ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

അനധികൃത ആംബുലൻസുകളെ നിയന്ത്രിക്കും. അംഗീകൃത ആംബുലൻസുകൾക്ക് പ്രത്യേക നമ്പറും നൽകും. അംഗീകൃത ഡിസൈനും, നിറവും, ലൈറ്റും, സൈറണും, ഹോണും മാത്രമേ ഉപയോഗിക്കാവൂവെന്നും നിർദ്ദേശം നൽകും. ആംബുലൻസ് ഡ്രൈവർമാർക്ക് പോലീസ് വേരിഫിക്കേഷൻ നിർബന്ധമാക്കും. ലൈസൻസ് ലഭിച്ച് മൂന്ന് വർഷം കഴിഞ്ഞതിന് ശേഷം മാത്രമേ ആംബുലൻസ് ഓടിക്കാൻ അനുവദിക്കൂ.

പ്രഥമ ശുശ്രൂഷ, പെരുമാറ്റ മര്യാദകൾ, രോഗാവസ്ഥ പരിഗണിച്ചുള്ള വേഗ നിയന്ത്രണം, ആശുപത്രികളുമായുള്ള ഏകോപനം എന്നിവയിൽ ഡ്രൈവർമാർക്ക് പരിശീലനം നൽകാനും യോഗത്തിൽ ധാരണയായിട്ടുണ്ട്.ആംബുലൻസുകളെ മൂന്നായി തരം തിരിച്ച് സംസ്ഥാനത്തുടനീളം പ്രത്യേക നിരക്ക് ഏർപ്പെടുത്തും. ആംബുലൻസുകളെക്കുറിച്ച് ഉയരുന്ന പരാതികൾ കണക്കിലെടുത്ത് പരിശോധന ശക്തമാക്കാനും യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *