ആജീവനാന്തം മുഖ്യമന്ത്രിയായി ഇരിക്കില്ല, പെൺകുട്ടികളെ തൊട്ടാൽ ആങ്ങളമാരെ പോലെ ഇടപെടും: വിഡി സതീശൻ
കോഴിക്കോട്: ആജീവനാന്ത കാലം ആരും മുഖ്യമന്ത്രിയായി ഇരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്. അത് കൊണ്ട് സൂക്ഷിച്ച് വേണം പൊലീസ് പെരുമാറാൻ. പെൺകുട്ടികളെ തൊട്ടാൽ ആങ്ങളമാർ പെരുമാറുന്നത് പോലെ കോൺഗ്രസ് പെരുമാറും. ഇവിടെ കോൺഗ്രസും യുഡിഎഫും കാണും. ഏകാധിപതികൾ എന്നും ഭീരുക്കൾ ആയിരുന്നു. ഇവിടെ നടക്കുന്നതും അതാണ്. ഭയം മാറ്റാൻ യുഡിഎഫ് പ്രവർത്തകർക്ക് നേരെ കുതിര കയറരുത്. അശാസ്ത്രീയ നികുതി നിർദേശങ്ങൾക്ക് എതിരായ പ്രതിഷേധം ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു. മുൻകരുതൽ നടപടിയായി മുഖ്യമന്ത്രി വരുന്ന വഴിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിനെ അദ്ദേഹം വിമർശിച്ചു. നികുതി വർധനക്കെതിരെ യുഡിഎഫ് സമരം ശക്തമാക്കുമെന്നും അദ്ദേഹം കോഴിക്കോട് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
നികുതി പരിഷ്കാരങ്ങൾ മുഴുവൻ സാമൂഹിക ആഘാതം മനസ്സിലാക്കാതെയാണെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. ജനങ്ങളെ സഹായിക്കേണ്ട സർക്കാർ അധികമായി ചുമത്തുന്നത് 4000 കോടിയുടെ നികുതിയാണ്. ഒരുകൈ കൊണ്ട് പെൻഷനും കിറ്റും കൊടുക്കുന്നു, മറു കൈ കൊണ്ട് പോക്കറ്റ് അടിക്കുന്നു. ഇതാണ് സംസ്ഥാനത്ത് നടക്കുന്നത്.
സംസ്ഥാനത്തിന്റെ കടം നാല് ലക്ഷം കോടി രൂപയാണ്. ഇത് തുറന്നു പറയുന്ന തന്നെ ദുഷ്ട ശക്തി എന്ന് വിശേഷിപ്പിക്കുന്നു. ഏറ്റവും കൂടുതൽ കടബാധ്യത ഉള്ള ഒന്നാമത്തെ സംസ്ഥാനം ആയി കേരളം മാറി. സാക്ഷരത പ്രേരകിന്റെ ആത്മഹത്യക്ക് കാരണം കടക്കെണിയാണ്. ഇല്ലെങ്കിൽ എന്തുകൊണ്ട് ശമ്പളം കൊടുക്കുന്നില്ല എന്നദ്ദേഹം ചോദിച്ചു.
ആശ്വാസ കിരണം ഉൾപ്പെടെ ഉള്ള എല്ലാ ആശ്വാസ പദ്ധതികളും നിലച്ചു. കടത്തിന്റെ നിലയില്ലാ കയത്തിലാണ് കേരളം. വെറുതെ ആളുകളെ മുഖ്യമന്ത്രി കബളിപ്പിക്കുകയാണ്. സംസ്ഥാനത്തിന്റെ വരവ് കുറയുന്നു. ചെലവ് കൂടുന്നു. സംസ്ഥാനം കൂട്ട ആത്മഹത്യയുടെ വക്കിൽ. കേരളത്തിൽ നടക്കുന്ന സ്വർണ കള്ളക്കടത്തിനെതിരെ നികുതി വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും സംസ്ഥാനത്ത് നികുതി വകുപ്പില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ നികുതി ഘടന പൊളിച്ച് എഴുതണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സർക്കാർ നടത്തുന്ന ധൂർത്തിന് ഒരു കുറവും ഇല്ല. ഇതിന്റെ പാപഭാരം സാധാരണക്കാരൻ ചുമക്കുന്ന സ്ഥിതിയാണ്. മുഖ്യമന്ത്രിക്ക് ആളെ കാണുന്നത് പേടി. കരുതൽ തടങ്കലാണ് ഇപ്പോൾ. പണ്ട് കറുപ്പ് നിറത്തോടാണ് പേടി. ഇപ്പോൾ വെള്ള കാണുന്നതാണ് ഭയമെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി വരുന്നുണ്ടെങ്കിൽ ആരും പുറത്ത് ഇറങ്ങി നടക്കരുത് എന്ന അവസ്ഥയാണ്. ഒരു കാരണവും ഇല്ലാതെ ആയിരക്കണക്കിന് പേരെ കേസുകളിൽ പെടുത്തുന്നു. മുൻപ് ഒരു സർക്കാരിന്റെ കാലത്തും ഇല്ലാത്ത നടപടിയാണിത്.